കർണാടക കോൺഗ്രസിൽ വകുപ്പു വിഭജനവുമായി ബന്ധപ്പെട്ട് അതൃപ്തി പുകയുന്നു. വകുപ്പു വിഭജനത്തിൽ അതൃപ്തരായ രണ്ട് നേതാക്കൾ കോൺഗ്രസ് നേതൃത്വവുമായുള്ള ചർച്ചകൾക്കായി ഡൽഹിക്ക് പോയി. മന്ത്രി രാമലിംഗ റെഡ്ഡിയുമായി ബന്ധപ്പെട്ടുണ്ടായ പ്രതിസന്ധി പരിഹരിച്ചതിന് പിന്നാലെയാണ് പുതിയ സംഭവവികാസങ്ങൾ. വകുപ്പ് അനുവദിച്ചു കിട്ടിയിട്ടും ഔദ്യോഗികമായി ചുമതലയേൽക്കാത്ത ബംഗളൂരു വികസന മന്ത്രി കൃഷ്ണ ബൈരെ ഗൗഡ കലാപക്കൊടി ഉയർത്തി. കൂടാതെ കോൺഗ്രസ് എംഎൽഎ റിസ്വാൻ അർഷദ് മന്ത്രിസഭയിൽ ഇടം നേടാനുള്ള ശ്രമഫലമായി ഡൽഹിയിലെത്തി.
ബംഗളൂരു മെട്രോപൊളിറ്റൻ റീജിയൻ ഡെവലപ്മെന്റ് അതോറിറ്റിയും ബംഗളൂരു ഡെവലപ്മെന്റ് അതോറിറ്റിയും തന്റെ വകുപ്പിന് കീഴിലാക്കണമെന്ന് കൃഷ്ണ ബൈരെ ഗൗഡ പാർട്ടി നേതൃത്വത്തോട് ആവശ്യപ്പെട്ടുവെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. ബംഗളൂരുവിന്റെയും പരിസര പ്രദേശങ്ങളുടെയും ആസൂത്രണത്തിലും വികസനത്തിലും പ്രധാന പങ്കുവഹിക്കുന്നതാണ് ഈ രണ്ട് ഏജൻസികളും.