ബസുകൾ അപകടത്തിൽപ്പെട്ടതിനെ തുടർന്ന് കേരള ആർടിസിയുടെ ബെംഗളൂരു–കേരള എസി സർവീസുകൾക്ക് നിയന്ത്രണം. തിരുവനന്തപുരം എസി സ്ലീപ്പർ, പയ്യന്നൂർ എസി സീറ്റർ സർവീസുകൾ ഇനി ഒന്നിടവിട്ട ദിവസങ്ങളിൽ മാത്രമാണ് സർവീസ് നടത്തുക.
രണ്ട് മാസം മുൻപ് നാഗർകോവിൽ വഴി സർവീസ് നടത്തിയിരുന്ന സ്വിഫ്റ്റ് ഗജരാജ് എസി സ്ലീപ്പർ ബസ് അപകടത്തിൽപ്പെട്ടതിനെ തുടർന്നാണ് തിരുവനന്തപുരം സർവീസ് വെട്ടിക്കുറച്ചത്. അപകടത്തിൽപ്പെട്ട ബസ് വീണ്ടും സർവീസിലിറങ്ങുന്ന തീയതി സംബന്ധിച്ച് അധികൃതർക്ക് ഇതുവരെ വ്യക്തതയില്ല. ഇതിനിടെ കഴിഞ്ഞ ആഴ്ച കെങ്കേരിക്കു സമീപം പയ്യന്നൂരിൽ നിന്ന് ബെംഗളൂരുവിലേക്ക് വന്ന സ്വിഫ്റ്റ് ഗരുഡ എസി ബസ് തീപിടിച്ച് പൂർണമായും കത്തിനശിച്ചിരുന്നു. ഇതോടെ പയ്യന്നൂർ എസി സർവീസും ഒന്നിടവിട്ട ദിവസങ്ങളിലേക്ക് ചുരുങ്ങി.
വാരാന്ത്യങ്ങളിൽ മികച്ച യാത്രക്കാരും വരുമാനവും ലഭിച്ചിരുന്ന ഈ രണ്ട് സർവീസുകളുടെ കുറവ് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്നതിനൊപ്പം കേരള ആർടിസിക്കും വരുമാനനഷ്ടമുണ്ടാക്കുകയാണ്. എസി ബസുകൾക്ക് പകരം സർവീസ് നടത്താൻ ആവശ്യമായ റിസർവ് ബസുകൾ ഇല്ലാത്തതും പ്രതിസന്ധി രൂക്ഷമാക്കുന്നു. ബെംഗളൂരുവിൽ നിന്ന് ഉത്തരമലബാറിലേക്കുള്ള കേരള ആർടിസിയുടെ എസി സർവീസുകളിൽ നിലവിൽ കണ്ണൂരിലേക്കുള്ള സർവീസ് മാത്രമാണ് എല്ലാ ദിവസവും തുടരുന്നത്.