കർണാടകയിൽ രാജിവച്ച മന്ത്രി രാമലിംഗ റെഡ്ഡിയെ അനുനയിപ്പിക്കുന്നതിനായി കോൺഗ്രസ് ഹൈക്കമാൻഡും മുഖ്യമന്ത്രിയും നടത്തിയ നീക്കങ്ങൾ ഒടുവിൽ ഫലം കണ്ടിരിക്കുകയാണ്.രാമലിംഗ റെഡ്ഡി മന്ത്രിയായി തുടരുമെന്ന് എഐസിസി ജനറൽ സെക്രട്ടറി രൺദീപ് സിംഗ് സുർജേവാല. ചില തെറ്റിദ്ധാരണകളുടെ പുറത്താണ് രാജിവച്ചതെന്നും രാമലിംഗ റെഡ്ഡി പാർട്ടിയുടെ സ്വത്ത് ആണെന്നും അദ്ദേഹം പറഞ്ഞു. ആഗ്രഹിച്ച വകുപ്പ് കിട്ടാത്തതിൽ പ്രതിഷേധിച്ച് ആണ് രാമലിംഗ റെഡ്ഡി മന്ത്രിസ്ഥാനം രാജിവച്ചത്.
ബംഗളൂരുവിൽ ഉണ്ടായിരുന്ന രാഹുൽ ഗാന്ധിയുമായി മുഖ്യമന്ത്രി ഡി.കെ. ശിവകുമാറും സിദ്ധരാമയ്യയും വിഷയം ചർച്ച ചെയ്തിരുന്നു. സംസാരിച്ച് പ്രശ്നം പരിഹരിക്കാനായിരുന്നു രാഹുൽ നൽകിയ നിർദേശം. പരിഹാരമുണ്ടാകാത്ത പക്ഷം രാജി സ്വീകരിക്കണമെന്നും രാഹുൽ നിലപാടെടുത്തു. ഇതിനുപിന്നാലെയാണ് ഇന്ന് രാവിലെ കർണാടകത്തിൻ്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി രൺദീപ് സുർജേവാല രാമലിംഗ റെഡ്ഡിയുമായി ചർച്ച നടത്തിയത്. ബംഗളൂരു നഗരത്തിന്റെ ചുമതലയുള്ള ബംഗളൂരു വികസന വകുപ്പ്’ തനിക്ക് ലഭിക്കുമെന്നാണ് രാമലിംഗ റെഡ്ഡി പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ഈ വകുപ്പ് അദ്ദേഹത്തിന് കിട്ടിയില്ല. ഇതിനെ തുടർന്നാണ് രാമലിംഗ റെഡ്ഡി രാജിവച്ചത്.