കേരളത്തിൽ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തെക്കു – പടിഞ്ഞാറൻ കാലവർഷം മദ്ധ്യ – പടിഞ്ഞാറൻ, മദ്ധ്യ – കിഴക്കൻ അറബിക്കടലിൻ്റെ കൂടുതല്‍ ഭാഗങ്ങളിലേക്ക് വ്യാപിച്ചിരിക്കുകയാണ്. കൂടാതെ ഗോവയില്‍ പൂർണമായും കർണാടകയുടെ കൂടുതല്‍ ഭാഗങ്ങളിലേക്കും മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ് എന്നിവയുടെ ചില ഭാഗങ്ങളിലേക്കും മണ്‍സൂണ്‍ വ്യാപിച്ചു.
തമിഴ്നാടിൻ്റെ ഭൂരിഭാഗം പ്രദേശങ്ങളിലും കാലവർഷം എത്തി. വടക്കൻ കേരളത്തിന് മുകളില്‍ ചക്രവാതചുഴി സ്ഥിതി ചെയ്യുന്നു. ഇക്കാരണങ്ങളാലാണ് കേരളത്തില്‍ മഴ ശക്തമാകുന്നത്. ജൂണ്‍ ആറ് മുതല്‍ 10 വരെ തീയതികളില്‍ ഇടിമിന്നലോടും ശക്തമായ കാറ്റോടും (മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റർ വരെ വേഗതയുള്ള) കൂടി വ്യാപകമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്കുന്നു.