കേന്ദ്ര മന്ത്രി സുരേഷ് ഗോപിയെ കാണാനില്ലെന്ന് പരാതി. കെ.എസ്.യു ജില്ല അധ്യക്ഷൻ ഗോകുൽ ഗുരുവായൂരാണ് ഇതുസംബന്ധിച്ച് തൃശൂർ ടൗൺ ഈസ്റ്റ് പൊലീസിൽ പരാതി നൽകിയത്. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയും കഴിഞ്ഞദിവസം സുരേഷ് ഗോപിയെ ട്രോളിയിരുന്നു. ‘തൃശൂരിൽ ആർക്കോ വേണ്ടി കാണ്മാനില്ല പരസ്യം വന്നെന്ന് കേട്ടു’ എന്നായിരുന്നു മന്ത്രിയുടെ ഫേസ്ബുക്കിലൂടെയുള്ള പരിഹാസം. സുരേഷ് ഗോപിയെ ഓർത്തഡോക്സ് സഭാ തൃശൂർ ഭദ്രാസനാധിപൻ യൂഹാനോൻ മാർ മിലിത്തിയോസ് മെത്രാപ്പോലിത്തയും സമാനരീതിയിൽ പരിഹസിച്ചിരുന്നു.

ഛത്തീസ്‌ഗഢിൽ മനുഷ്യക്കടത്തും മതപരിവർത്തനവും ആരോപിക്കപ്പെട്ട് മലയാളി കന്യാസ്ത്രീകൾ അറസ്റ്റിലായ സംഭവത്തിലും അതിനുശേഷം ഒഡിഷയിലും ബിഹാറിലുമടക്കം കന്യാസ്ത്രീകൾക്കും വൈദികർക്കുനേരെ അതിക്രമം ഉണ്ടായ സംഭവങ്ങളിലുമടക്കം കേന്ദ്ര മന്ത്രി സുരേഷ് ഗോപി പ്രതികരിച്ചിരുന്നില്ല. തൃശൂർ ലോക്സ‌ഭാ മണ്ഡലത്തിലും സുരേഷ് ഗോപിക്ക് പരിപാടികളൊന്നുമില്ല. എം.പിയുടെ ഓഫിസിൽ ബന്ധപ്പെട്ടെങ്കിലും കേന്ദ്ര മന്ത്രി എന്നുവരുമെന്ന കൃത്യമായ മറുപടി ലഭിച്ചില്ലെന്ന് ഗോകുൽ പറയുന്നു.

Related Posts