പൂജാ അവധിയോടനുബന്ധിച്ച് കേരളത്തിലേക്കും തിരിച്ചുമുള്ള യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് എട്ട് പ്രത്യേക ട്രെയിനുകളുടെ സർവീസ് നീട്ടി ദക്ഷിണ റെയിൽവേ. ഈ മാസം അവസാനത്തോടെയും അടുത്ത മാസം ആദ്യത്തോടെയും സർവീസ് അവസാനിക്കേണ്ട പ്രതിവാര സ്പെഷ്യൽ ട്രെയിനുകളാണ് നവംബർ അവസാനം വരെയും ഡിസംബർ ആദ്യവാരം വരെയും നീട്ടിയത്. നീട്ടിയ സർവീസുകളുടെ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചതായി റെയിൽവേ അറിയിച്ചു.
ദസറ ആഘോഷങ്ങൾ ഒക്ടോബർ 11ന് ആരംഭിക്കുകയും ഒക്ടോബർ 20ന് മഹാനവമിയും 21ന് വിജയദശമിയും വരികയും ചെയ്യുന്ന സാഹചര്യത്തിലാണ് സർവീസ് നീട്ടിയത്. ദസറ അവധിക്കാലത്ത് കേരളത്തിലേക്ക് യാത്ര ചെയ്യുന്നവരുടെ എണ്ണം വർധിക്കുന്നതിനാൽ ട്രെയിനുകളിലും ബസുകളിലും വലിയ തിരക്ക് അനുഭവപ്പെടാൻ സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ അധിക ട്രെയിൻ സർവീസുകൾ യാത്രക്കാർക്ക് ഏറെ പ്രയോജനപ്പെടും.
ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്കും തിരിച്ചുമുള്ള സർവീസുകളാണ് പ്രധാനമായും ദീർഘിപ്പിച്ചിരിക്കുന്നത്. ഞായറാഴ്ച സർവീസ് നടത്തുന്ന ഹുബ്ബള്ളി-കൊല്ലം സ്പെഷ്യൽ (07313) നവംബർ 29 വരെയും, തിങ്കളാഴ്ചകളിലെ കൊല്ലം-ഹുബ്ബള്ളി സ്പെഷ്യൽ (07314) നവംബർ 30 വരെയും സർവീസ് നടത്തും.
തിങ്കളാഴ്ചകളിലെ എസ്എംവിടി ബെംഗളൂരു-തിരുവനന്തപുരം നോർത്ത് സ്പെഷ്യൽ (06523) നവംബർ 30 വരെയും, ചൊവ്വാഴ്ചകളിലെ തിരുവനന്തപുരം നോർത്ത്-എസ്എംവിടി ബെംഗളൂരു സ്പെഷ്യൽ (06524) ഡിസംബർ ഒന്നുവരെയും നീട്ടിയിട്ടുണ്ട്.
ബുധനാഴ്ചകളിലെ എസ്എംവിടി ബെംഗളൂരു-തിരുവനന്തപുരം നോർത്ത് സ്പെഷ്യൽ (06547) നവംബർ 25 വരെയും വ്യാഴാഴ്ചകളിലെ തിരുവനന്തപുരം നോർത്ത്-എസ്എംവിടി ബെംഗളൂരു സ്പെഷ്യൽ (06548) നവംബർ 26 വരെയും സർവീസ് നടത്തും.
വെള്ളിയാഴ്ചകളിലെ എസ്എംവിടി ബെംഗളൂരു-തിരുവനന്തപുരം നോർത്ത് സ്പെഷ്യൽ (06555) നവംബർ 27 വരെയും ശനിയാഴ്ചകളിലെ എസ്എംവിടി ബെംഗളൂരു-തിരുവനന്തപുരം നോർത്ത് സ്പെഷ്യൽ (06556) നവംബർ 29 വരെയും സർവീസ് നടത്തും.
പ്രത്യേക ട്രെയിനുകളുടെ സർവീസ് നീട്ടിയതോടെ പൂജാ-ദസറ അവധിക്കാലത്ത് നാട്ടിലേക്ക് പോകാൻ ഒരുങ്ങുന്ന ബെംഗളൂരുവിലെ മലയാളികൾക്ക് ടിക്കറ്റ് ലഭ്യതയിൽ ആശ്വാസമാകുമെന്നാണ് പ്രതീക്ഷ. എട്ട് ട്രെയിനുകൾക്കും ഒൻപത് ട്രിപ്പുകൾ വീതമാണ് അനുവദിച്ചിരിക്കുന്നത്.