ബെംഗളൂരുവിലെ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് (ബെൽ) ക്യാംപസിൽ ഹിന്ദിയിൽ എഴുതിയ ബോർഡ് തകർത്ത സംഭവത്തിൽ കർണാടക രക്ഷണ വേദികെ പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. ബെൽ സർക്കിളിൽ റോഡിന് അഭിമുഖമായി സ്ഥാപിച്ചിരുന്ന ബോർഡാണ് ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമാണെന്ന് ആരോപിച്ച് പ്രതിഷേധക്കാർ അടിച്ചുതകർത്തത്. സംഭവത്തെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് ഇടപെട്ട് പ്രതിഷേധക്കാരെ പിരിച്ചുവിടുകയായിരുന്നു.

പൊതുമുതൽ നശിപ്പിക്കൽ, കലാപം സൃഷ്ടിക്കൽ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് പ്രവർത്തകർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ദേശീയ വിദ്യാഭ്യാസ നയത്തിൻ്റെ ഭാഗമായി കേന്ദ്രം മുന്നോട്ടുവയ്ക്കുന്ന ത്രിഭാഷാ നയത്തിനെതിരായ പ്രതിഷേധങ്ങൾ കർണാടകയിൽ ശക്തമായിരിക്കുകയാണ്. സംസ്ഥാനത്ത് ഒന്നാം ഭാഷയായോ രണ്ടാം ഭാഷയായോ കന്നഡ പഠിപ്പിക്കണമെന്ന നയത്തിന് വിരുദ്ധമായി എൻസിഇആർടി മൂന്നാം ഭാഷയായി കന്നഡ പാഠപുസ്തകം പുറത്തിറക്കിയതും വിവാദമായിരുന്നു.

ഹിന്ദി നിർബന്ധിതമാക്കാനുള്ള നീക്കങ്ങൾ അംഗീകരിക്കില്ലെന്ന നിലപാടിലാണ് വിവിധ കന്നഡ അനുകൂല സംഘടനകൾ. ഈ പശ്ചാത്തലത്തിലാണ് ബെംഗളൂരുവിൽ ഹിന്ദി ബോർഡുകൾ ലക്ഷ്യമിട്ട് പ്രതിഷേധങ്ങൾ ശക്തമായിരിക്കുന്നത്.

Related Posts