കർണാടകയിൽ വ്യവസായ പാർക്കുകൾ നിർമ്മിക്കാനുള്ള കേന്ദ്രമന്ത്രി എച്ച്.ഡി.കുമാര സ്വാമിയുടെ നിർദേശം കേന്ദ്ര സർക്കാർ പരിഗണനയിൽ. കുമാരസ്വാമി കുറച്ചുദിവസം മുമ്പ് വാണിജ്യ മന്ത്രി പിയുഷ് ഗോയലിനെ കണ്ട് പദ്ധതി ചർച്ച ചെയ്തിരുന്നു. കർണാടകയിലെ മാണ്ഡ്യ മുതൽ ബിദർ വരെയുള്ള ഒമ്പത് ജില്ലകളെ ഉൾപ്പെടുത്തിയാണ് വ്യവസായ പാർക്കുകൾ നിർമ്മിക്കാൻ ഉദ്ദേശിക്കുന്നത്. കർണാടകയിലെ ഒമ്പത് ജില്ലകളെ ഉൾപ്പെടുത്തിയുള്ള ദേശീയ വ്യവസായിക ഇടനാഴി പദ്ധതിയോട് (എൻ.ഐ.സി.ഡി.പി) കേന്ദ്ര സർക്കാർ അനുകൂലമായി പ്രതികരിച്ചു.
മൈസൂർ, മാണ്ഡ്യ, കോലാർ, ചാമരാജനഗർ, ഹസൻ, മംഗലാപുരം, ഹുബ്ബള്ളി, ധാർവാഡ്, ബിദർ, റായ്ച്ചൂർ ജില്ലകളെ ഉൾക്കൊള്ളുന്ന വികസന പദ്ധതിയാണ് കുമാരസ്വാമി നിർദേശിച്ചത്. ദേശീയ വ്യവസായിക ഇടനാഴി വികസന പദ്ധതിയുടെ ഭാഗമായി ഇവ പരിഗണിക്കണമെന്നും അഭ്യർഥിച്ചിരുന്നു. തുടർന്ന് വാണിജ്യ മന്ത്രി പദ്ധതിക്ക് അംഗീകാരം നൽകി.