ജൂൺ മാസത്തിൽ രാജ്യത്തെ ജിഎസ്ടി (GST) വരുമാനം 1.95 ലക്ഷം കോടി രൂപയിലെത്തി. കഴിഞ്ഞ വർഷം ജൂണിനെ അപേക്ഷിച്ച് 14 ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്. തുടർച്ചയായ മൂന്നാം മാസമാണ് ജിഎസ്ടി വരുമാനം 1.9 ലക്ഷം കോടി രൂപയ്ക്ക് മുകളിൽ തുടരുന്നത്.
കേന്ദ്ര ജിഎസ്ടി (CGST) ഇനത്തിൽ 37,376 കോടി രൂപയും സംസ്ഥാന ജിഎസ്ടി (SGST) ഇനത്തിൽ 45,116 കോടി രൂപയും സമാഹരിച്ചു. സംസ്ഥാനങ്ങൾ തമ്മിലുള്ള ഇടപാടുകളിൽ നിന്നുള്ള ഇന്റഗ്രേറ്റഡ് ജിഎസ്ടി (IGST) വരുമാനം 52,282 കോടി രൂപയായി.
ഈ വർഷം ഏപ്രിലിൽ 2.43 ലക്ഷം കോടി രൂപയുടെ എക്കാലത്തെയും ഉയർന്ന ജിഎസ്ടി വരുമാനമാണ് രാജ്യം രേഖപ്പെടുത്തിയത്. മേയ് മാസത്തിൽ ഇത് 1.94 ലക്ഷം കോടി രൂപയായിരുന്നു.
കേരളത്തിനും ജിഎസ്ടി വിഹിതത്തിൽ വർധന ലഭിച്ചു. ജൂണിൽ സംസ്ഥാനത്തിന് ലഭിച്ച ജിഎസ്ടി വരുമാനം 3,159 കോടി രൂപയാണ്. കഴിഞ്ഞ വർഷം ഇതേ മാസത്തെ 2,850 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോൾ 11 ശതമാനത്തിൻ്റെ വർധനയാണ് രേഖപ്പെടുത്തിയത്.