16-ാമത് ഇന്ത്യ-ജപ്പാൻ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കാനായി ജപ്പാൻ പ്രധാനമന്ത്രി സനെ തകായ്ച്ചി ഇന്ത്യയിലെത്തി. മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിൻ്റെ ഭാഗമായാണ് ബുധനാഴ്ച അവർ ഡൽഹിയിലെത്തിയത്. പ്രധാനമന്ത്രിയായി ചുമതലയേറ്റതിന് ശേഷമുള്ള തകായ്ച്ചിയുടെ ആദ്യ ഇന്ത്യാ സന്ദർശനമാണിത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരമാണ് സന്ദർശനം. ജൂലൈ 3 വരെ നീളുന്ന സന്ദർശനത്തിനിടെ ഇരു നേതാക്കളും ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള വിവിധ വിഷയങ്ങളിൽ ചർച്ച നടത്തും.
പ്രതിരോധം, സാങ്കേതികവിദ്യ, സെമികണ്ടക്ടർ നിർമ്മാണം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, വ്യാപാരം, വിതരണ ശൃംഖല എന്നിവയിൽ സഹകരണം വിപുലീകരിക്കാനാണ് ഉച്ചകോടിയിൽ പ്രധാനമായും ലക്ഷ്യമിടുന്നത്. ഇൻഡോ-പസഫിക് മേഖലയിലെ സുരക്ഷാ സാഹചര്യവും പ്രാദേശിക സ്ഥിരതയും ചർച്ചകളിൽ പ്രധാന വിഷയങ്ങളാകും.
ഇന്ത്യയും ജപ്പാനും തമ്മിലുള്ള സാമ്പത്തിക-തന്ത്രപ്രധാന പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും നിക്ഷേപം, സാങ്കേതിക കൈമാറ്റം, വ്യവസായ സഹകരണം എന്നിവയ്ക്ക് പുതിയ ദിശ നൽകുന്നതിനും ഈ ഉച്ചകോടി നിർണായകമാകുമെന്നാണ് വിലയിരുത്തൽ.