കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരും പെന്‍ഷന്‍കാരും കാത്തിരുന്ന സുപ്രധാന തീരുമാനം പ്രഖ്യാപിച്ചിരിക്കുകയാണ് സര്‍ക്കാര്‍. എട്ടാം ശമ്പള കമ്മീഷൻ്റെ പരിഗണനാ വിഷയങ്ങള്‍ക്ക് മന്ത്രിസഭ അനുമതി നല്‍കി. കമ്മീഷന്‍ പരിശോധിക്കുന്ന കാര്യങ്ങള്‍ എന്തെല്ലാമാണ് എന്ന് ഇതില്‍ വിശദീകരിക്കുന്നുണ്ട്. ഒരു ചെയര്‍പേഴ്‌സണും രണ്ട് അംഗങ്ങളും ഉള്‍പ്പെടുന്നതാണ് എട്ടാം ശമ്പള കമ്മീഷന്‍. 18 മാസമാണ് ശുപാര്‍ശകള്‍ സമര്‍പ്പിക്കാന്‍ കമ്മീഷന് സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്ന സമയം. ആവശ്യമെങ്കില്‍ ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്യാം. എട്ടാം ശമ്പള കമ്മീഷന്‍ ഉടന്‍ വരുമെന്ന് കഴിഞ്ഞ ജനുവരിയില്‍ സര്‍ക്കാര്‍ അറിയിച്ചിരുന്നു. പത്താം മാസത്തിലാണ് കമ്മീഷൻ്റെ പരിഗണനാ വിഷയങ്ങള്‍ ധാരണയായിരിക്കുന്നത്.

ജനുവരി 1 മുതൽ മുന്‍കാല പ്രാബല്യത്തോടെ കമ്മീഷന്‍ ശുപാര്‍ശകള്‍ നടപ്പാക്കിയേക്കുമെന്നും മന്ത്രി പറഞ്ഞു. സാധാരണ പത്ത് വര്‍ഷത്തേക്കാണ് കമ്മീഷന്‍ ശുപാര്‍ശകള്‍ സമര്‍പ്പിക്കുക. 2016 മുതലാണ് ഏഴാം ശമ്പള കമ്മീഷന്‍ നടപ്പാക്കിയത്. 2026 മുതല്‍ എട്ടാം ശമ്പള കമ്മീഷന്‍ പ്രകാരമായിരിക്കും ശമ്പളം. രാജ്യത്തിൻ്റെ സാമ്പത്തിക സ്ഥിതിയും ധനപരമായ കാര്യക്ഷമതയും കമ്മീഷൻ്റെ പരിഗണനാ വിഷയത്തില്‍ ഉള്‍പ്പെടുന്നുണ്ട്. എട്ടാം ശമ്പള കമ്മീഷന്‍ ഒരു താല്‍ക്കാലിക സമിതി ആയിരിക്കും എന്നാണ് സര്‍ക്കാര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്. ജസ്റ്റിസ് രഞ്ജന പ്രകാശ് ദേശായ് ആണ് അധ്യക്ഷ. പ്രൊഫസര്‍ പുലക് ഘോഷ് അംഗവും പങ്കജ് ജെയ്ന്‍ മെമ്പര്‍ സെക്രട്ടറിയുമായിരിക്കും. വിവിധ മന്ത്രാലയങ്ങളുമായി ചര്‍ച്ച ചെയ്ത ശേഷമാണ് പരിഗണനാ വിഷയങ്ങള്‍ തീരുമാനിച്ചത് എന്ന് മന്ത്രി അശ്വനി വൈഷ്ണവ് പറഞ്ഞു.

Related Posts