ഇന്ത്യ – ഓസ്ട്രേലിയ ടി20 പരമ്പരക്ക് നാളെ തുടക്കം. അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയാണ് ഓസ്‌ട്രേലിയയിൽ ഇന്ത്യ കളിക്കുക. ഏകദിന പരമ്പര ഇന്ത്യ കെെവിട്ടതിനാൽ പകരം വീട്ടാനുള്ള അവസരമാണ് ടി20 പരമ്പര. ഓസീസിൽ പരമ്പര നേടുകയെന്നത് വളരെ കടുപ്പമാണ്. എന്നാൽ അതി ശക്തമായ താരനിരയുള്ള ഇന്ത്യക്ക് ഓസീസിലും പരമ്പര നേട്ടം പ്രയാസമാവില്ലെന്നാണ് ആരാധകരുടെ പ്രതീക്ഷ. ബാറ്റിങ്ങിലും ബൗളിങ്ങിലും തകർപ്പൻ താരനിര ഇന്ത്യക്കുണ്ട്.

നിലവിലെ ടി20 ലോകകപ്പ്, ഏഷ്യാ കപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് ഓസീസിനെ വിറപ്പിക്കാൻ സാധിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം. ഇന്ത്യക്ക് വലിയ പ്രതീക്ഷ നൽകുന്ന താരമാണ് അഭിഷേക് ശർമ . ഇടം കെെയൻ ഓപ്പണറായ അഭിഷേകിൻ്റെ പ്രകടനം ഇന്ത്യക്ക് നിർണ്ണായകമാണ്. തുടക്കം മുതൽ തകർത്തടിക്കുന്ന അഭിഷേകിൻ്റെ ബാറ്റിങ് ശെെലി ഓസീസ് പിച്ചിൽ എത്രത്തോളം ഫലം ചെയ്യുമെന്നതാണ് കാത്തിരുന്ന് കാണേണ്ടത്. എന്തായാലും അഭിഷേകിൽ ഇന്ത്യ വലിയ പ്രതീക്ഷ വെക്കുന്നു.

അഭിഷേകിനെ ഓസീസിനു വെല്ലുവിളിയാകുമെന്ന് സൂചന നൽ‌കിയിരിക്കുകയാണ് ക്യാപ്റ്റനായ മിച്ചൽ മാർഷ് . ‘അഭിഷേക് വളരെ പ്രതിഭയുള്ള കളിക്കാരനാണ്. സൺറെെസേഴ്സിനൊപ്പം തകർത്തടിക്കുകയും ഇന്ത്യക്ക് മികച്ച തുടക്കവും നൽകാൻ അവന് സാധിക്കുന്നുണ്ട്. അഭിഷേക് തീർച്ചയായും ഞങ്ങൾക്ക് വലിയ വെല്ലുവിളി ഉയർത്തുന്ന താരമാണ്. എന്നാൽ ഞങ്ങൾ ആഗ്രഹിക്കുന്നത് ഇത്തരം വെല്ലുവിളികളാണ്. ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളുടെ കരുത്തിനോട് മാറ്റുരക്കാനാണ് ആഗ്രഹിക്കുന്നു. അക്കാര്യം പരമാവധി മികച്ചതാക്കാൻ ഞങ്ങൾ ശ്രമിക്കും’ മിച്ചൽ മാർഷ് വാർത്താ സമ്മേളത്തിൽ പറഞ്ഞു.

Related Posts