ഇടുക്കി തൊടുപുഴ മുട്ടം റോഡിലുണ്ടായ വാഹനാപകടത്തിൽ കെഎസ്ആർടിസി ജീവനക്കാരൻ ദാരുണാന്ത്യം. ഇന്ന് പുലർച്ചെ കാർ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ച് മറിഞ്ഞാണ് അപകടം സംഭവിച്ചത്. മലങ്കര മ്രാല സ്വദേശി കളപ്പുരക്കൽ സജീവ് (52) ആണ് മരണപ്പെട്ടത്. അടൂർ കെഎസ്ആർടിസി ഡിപ്പോയിലെ ജീവനക്കാരനാണ് സജീവ്.
ഇന്ന് പുലർച്ചെ 3.30-ഓടെയാണ് അപകടം നടന്നത്. മുട്ടത്തിനടുത്ത് പെരുമറ്റം – തെക്കുംഭാഗം റോഡിലൂടെ സജീവ് സഞ്ചരിച്ചിരുന്ന കാർ അപ്രതീക്ഷിതമായി നിയന്ത്രണം വിടുകയായിരുന്നു. തുടർന്ന്, റോഡരികിൽ സ്ഥാപിച്ചിരുന്ന വൈദ്യുതി പോസ്റ്റിൽ ശക്തമായി ഇടിക്കുകയും കാർ മറിയുകയും ചെയ്തു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.