കേരളത്തിൽ തെക്കുപടിഞ്ഞാറൻ മൺസൂൺ ശക്തിപ്രാപിക്കുന്നു, തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഓറഞ്ച് അലേർട്ട്
കേരളത്തിൽ തെക്കുപടിഞ്ഞാറൻ മൺസൂൺ ശക്തിപ്രാപിക്കുന്ന സാഹചര്യത്തിൽ മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം വരുത്തി. നേരത്തെ പിൻവലിച്ചിരുന്ന ഓറഞ്ച് അലർട്ട് വീണ്ടും തിരുവനന്തപുരം, കൊല്ലം ജില്ലകളിലേക്ക് വ്യാപിപ്പിച്ചതോടെ മഴയെക്കുറിച്ചുള്ള ആശങ്കകൾ വർധിച്ചിരിക്കുകയാണ്. സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ അതിശക്തമായ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.
നിലവിൽ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് തുടരുകയാണ്. മഴയുടെ ശക്തി അടുത്ത ദിവസങ്ങളിലും കുറയില്ലെന്നാണ് കാലാവസ്ഥാ വകുപ്പിൻ്റെ വിലയിരുത്തൽ. നാളെ എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശനിയാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി ഉൾപ്പെടെ 12 ജില്ലകളിൽ ഓറഞ്ച് അലർട്ട് നിലവിൽ വരും.