രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ കൊലവിളി പ്രസംഗം നടത്തിയ ബിജെപി നേതാക്കൾക്കെതിരെ പോലീസ് കേസെടുത്തു. ബിജെപി ജില്ലാ അധ്യക്ഷൻ പ്രശാന്ത് ശിവൻ, ജില്ലാ ജനറൽ സെക്രട്ടറി ഓമനക്കുട്ടൻ എന്നിവർക്കെതിരെ വീഡിയോ തെളിവുകൾ ഉൾപ്പെടെ പരിശോധിച്ചാണ് കേസെടുത്തത്.

എംഎൽഎ ഓഫീസിലേക്ക് കഴിഞ്ഞദിവസം ബിജെപി നടത്തിയ പ്രതിഷേധ മാർച്ചിലാണ് കൊലവിളി പ്രസംഗം നടത്തിയത്. പാലക്കാട്ട് കാല് കുത്താൻ അനുവദിക്കില്ലെന്ന് പാർട്ടി മേൽഘടകം തീരുമാനിച്ചാൽ പിന്നെ രാഹുലിൻ്റെ കാൽ തറയിലുണ്ടാകില്ലെന്നും തല ആകാശത്ത് കാണേണ്ടി വരുമെന്നും ബിജെപി ജില്ലാ ജനറൽ സെക്രട്ടറി ഓമനക്കുട്ടൻ പറഞ്ഞിരുന്നു.

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നേരത്തെയും ബിജെപി നേതാവ് ഭീഷണിയുമായി രംഗത്തെത്തിയിരുന്നു. ആർഎസ്എസ് നേതാക്കളെ അവഹേളിച്ചാൽ എംഎൽഎ യെ പാലക്കാട് കാലുകുത്താൻ അനുവദിക്കില്ലെന്നായിരുന്നു ബിജെപിയുടെ ഭീഷണി. പാലക്കാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് സി.വി.സതീഷിൻ്റെ പരാതി യിലാണ് പോലീസ് നടപടി.

Related Posts