നാളെ (ജൂലൈ10) സംസ്ഥാനത്ത് എസ്എഫ്ഐ പഠിപ്പ് മുടക്ക് പ്രഖ്യാപിച്ചു. എസ്എഫ്ഐ പഠിപ്പുമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത് സർവകലാശാലകൾ കാവിവത്കരിക്കാനുള്ള ഗവർണറുടെ ഇടപെടലുകൾക്കെതിരെയുള്ള സമരത്തിൻ്റെ ഭാഗമായാണ്. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി സഞ്ജീവ് ഉൾപ്പെടെ 30 പേരെ റിമാൻഡ് ചെയ്തതിൽ പ്രതിഷേധിച്ചാണ് പഠിപ്പുമുടക്കെന്ന് എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി അറിയിച്ചു.

ഇന്നലെ കേരളാ സർവകലാശാലയിലേക്ക് നടത്തിയ പ്രതിഷേധത്തിനിടെയാണ് പോലീസ് എസ്എഫ്ഐ നേതാക്കളെ അറസ്റ്റ് ചെയ്തത്. റിമാൻഡ് ചെയ്തിരിക്കുകയാണ് ഇവരെ. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കാനുള്ള പോരാട്ടമാണിതെന്ന് എസ്എഫ്‌ഐ സംസ്ഥാന പ്രസിഡൻ്റ് എം ശിവപ്രസാദ് പറഞ്ഞിരുന്നു.

സന്ധിയില്ലാത്ത സമരം ആർഎസ്എസിനെതിരായി തുടരും. മത്സ്യത്തൊഴിലാളികളുടെയും കർഷക തൊഴിലാളികളുടെയും പട്ടിണിപ്പാവങ്ങളുടെയും സാധാരണക്കാരുടെയും മക്കളുടെ വിദ്യാഭ്യാസത്തിനുള്ള അവകാശം ജീവൻ കൊടുത്തും സംരക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

എസ്എഫ്ഐ ഇന്ന് നടക്കുന്ന ദേശീയ പണിമുടക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചിരുന്നു. കേരള സർവകലാശാലയിലേക്കും രാജ്ഭവനിലേക്കും നാളെ എസ്എഫ്ഐ സമരം സംഘടിപ്പിക്കുന്നുമുണ്ട്. പഠിപ്പുമുടക്ക് സമരം ഇതിനൊപ്പമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

Related Posts