‘ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള’ സിനിമ വിവാദത്തിൽ ജാനകിയെന്ന പേര് മാറ്റണ്ടെന്ന് സെൻസർ ബോർഡ്. രണ്ടു മാറ്റങ്ങൾ സിനിമയിൽ വരുത്താമെങ്കിൽ അനുമതി നൽകാമെന്നും സെൻസർ ബോർഡ് ഹൈക്കോടതിയിൽ അറിയിച്ചു. സിനിമയുടെ പ്രദർശനാനുമതി നിഷേധിച്ചതുമായി ബന്ധപ്പെട്ട നിർമ്മാതാക്കളുടെ ഹർജിയാണ് ഹൈക്കോടതി പരിഗണിച്ചത്. 96 കട്ട് ആണ് ആദ്യം നിർദ്ദേശിച്ചതെന്നും എന്നാൽ അത്രയും മാറ്റങ്ങൾ വരുത്തേണ്ടതില്ലെന്നും സെൻസർ ബോർഡ് നിലപാടെടുത്തു. സിനിമയിലെ ഒരു സീൻ കട്ട് ചെയ്താൽ മതിയെന്നാണ് സെൻസർ ബോർഡിനു വേണ്ടി ഹാജരായ അഭിനവ് ചന്ദ്രചൂഡ് കോടതിയിൽ അറിയിച്ചത്.
സിനിമയിലെ പേരായ ‘ജാനകി’ക്കു പകരം കഥാപാത്രത്തിന്റെ മുഴുവൻ പേരായ ജാനകി വിദ്യാധരൻ്റെ ഇനീഷ്യൽ കൂടി ചേർത്ത് സിനിമയുടെ പേര് ‘വി ജാനകി’ എന്നോ ‘ജാനകി വി.’ എന്നോ ആക്കുകയാണ് ഒരു മാറ്റം. ചിത്രത്തിലെ സിനിമയിലെ കോടതി രംഗങ്ങളിൽ കഥാപാത്രത്തിൻ്റെ പേര് ജാനകി എന്ന് പറയുന്നത് മ്യൂട്ട് ചെയ്യുക എന്നതാണ് രണ്ടാമത്തെ മാറ്റം. വിഷയം സമവായത്തിലൂടെ പരിഹരിക്കാമെന്നും സെൻസർ ബോർഡ് ഹൈക്കോടതിയെ അറിയിച്ചു. കേസ് ഉച്ചകഴിഞ്ഞ് വീണ്ടും പരിഗണിക്കുമ്പോൾ അഭിപ്രായം അറിയിക്കാൻ ജസ്റ്റിസ് എൻ നഗരേഷ് സിനിമയുടെ നിർമാതാക്കളോട് നിർദേശിച്ചു. ഹർജി ഹൈക്കോടതി ഉച്ചയ്ക്ക് 1.45ന് വീണ്ടും പരിഗണിക്കും.