ബി.ജെ.പി യുവമോർച്ച ദേശീയ പ്രസിഡൻ്റും ബംഗളൂരു സൗത്ത് എം.പിയുമായ തേജസ്വി സൂര്യ ബംഗളൂരു മെട്രോ നിരക്ക് വർദ്ധനക്ക് കാരണമായ റിപ്പോർട്ട് പുറത്തു വിടണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ കർണാടക ഹൈകോടതി സംസ്ഥാന സർക്കാറിനും മെട്രോ അധികൃതർക്കും നോട്ടീസ് അയച്ചു.

മെട്രോ നിരക്ക് ബംഗളൂരുവിൽ വർദ്ധനവിന് ആധാരമായ റിപ്പോർട്ട് വെളിപ്പെടുത്താത്ത ബംഗളൂരു മെട്രോ റെയിൽ കോർപറേഷൻ ലിമിറ്റഡിൻ്റെ (ബി.എം.ആർ.സി.എൽ) നടപടി ചോദ്യം ചെയ്ത് തേജസ്വി സൂര്യ നൽകിയ ഹർജിയിലാണ് ഹൈകോടതിയുടെ ഇടപെടൽ.

ഹർജി പരിഗണിച്ച ജസ്റ്റിസ് സുനിൽ ദത്ത് യാദവ് അധ്യക്ഷനായ ബെഞ്ച് ബന്ധപ്പെട്ട കക്ഷികൾക്ക് നോട്ടീസ് അയക്കുകയും രണ്ടാമത്തെ ആഴ്ച വാദം കേൾക്കാൻ തീരുമാനിക്കുകയും ചെയ്തു. ‘ അദ്ദേഹത്തിന് ശക്തമായ ഒരു സ്ഥാനത്തിരിക്കെ, ബി.എം.ആർ.സി.എല്ലിൽ നിന്ന് റിപ്പോർട്ട് വാങ്ങാൻ കഴിയുന്നില്ലേ?” എ ന്ന് എം.പിയുടെ അഭിഭാഷകനോട് ബെഞ്ച് ആശ്ചര്യം പ്രകടിപ്പിച്ചു.

എം.ഡിയെ നേരിട്ട് കണ്ടിട്ടുണ്ടെന്നും ബി.എം.ആർ.സി.എല്ലിന് കത്തെഴുതിയിട്ടുണ്ടെന്നും മറുപടിയായി അഭിഭാഷകൻ ബോധിപ്പിച്ചു. നിരവധി ആർ.ടി.ഐ അപേക്ഷകൾ ഉൾപ്പെടെ മാധ്യമങ്ങളുടെയും പൊതുജനങ്ങളുടെയും ശ്രമങ്ങൾ ഉണ്ടായിരുന്നിട്ടും റിപ്പോർട്ട് വെളിപ്പെടുത്തിയിട്ടില്ല.

2024 സെപ്റ്റംബർ 7 ന് ബംഗളുരുവിലെ മെട്രോ നിരക്കുകൾ അവലോകനം ചെയ്യുന്നതിന് ഫെയർ ഫിക്സേഷൻ കമ്മിറ്റി (എഫ്.എഫ്.സി) രൂപവത്കരിച്ചതായി ഹർജിയിൽ പറയുന്നു. കമ്മിറ്റിയുടെ അധ്യക്ഷൻ വിരമിച്ച മദിരാശി ഹൈകോടതി ജഡ്‌ജി ജസ്റ്റിസ് ആർ. തരാണിയാണ്.

2024 ഡിസംബറിൽ റിപ്പോർട്ട് സമർപ്പിച്ചതിൻ്റെ അടിസ്ഥാനത്തിൽ 2025 ഫെബ്രുവരിയിൽ മെട്രോ നിരക്കുകൾ ഗണ്യമായി വർദ്ധിപ്പിച്ചു. ബി.എം.ആർ.സി.എൽ ടിക്കറ്റ് നിരക്ക് 100 ശതമാനം വരെ വർദ്ധിപ്പിച്ചതോടെ ബംഗളൂരു മെട്രോ രാജ്യത്തെ ഏറ്റവും ചെലവേറിയ മെട്രോയായി മാറി.

പാർലമെൻ്റിൽ തേജസ്വി സുര്യ നടത്തിയ പ്രസ്‌താവനയെയും വിമർശനങ്ങളെയും തുടർന്ന്, പിന്നീട് വർദ്ധന 71 ശതമാനമായി കുറച്ചുവെന്ന് ഹരജിയിൽ ചൂണ്ടിക്കാട്ടി. സുതാര്യമായി പ്രവർത്തിക്കേണ്ടത് സംസ്ഥാന സർക്കാറിൻ്റെയും ബി.എം. ആർ.സി.എല്ലിന്‍റെയും അടിസ്ഥാനപരമായ കടമയാണെന്നും ഹർജിയിൽ വാദിച്ചു.

Related Posts