ബെംഗളൂരിൽ കോടിക്കണക്കിനു രൂപയുടെ നിക്ഷേപത്തട്ടിപ്പ് നടത്തി മുങ്ങിയ എ ആൻഡ് എ ചിറ്റ് ഫണ്ട് ഉടമ ടോമി എ. വർഗീസിനെ കണ്ടെത്താൻ കേരളത്തിലേക്ക് അന്വേഷണം വ്യാപിപ്പിച്ചു. ഇയാളുടെ ഫോൺ എറണാകുളത്തു വച്ച് സ്വിച്ച് ഓഫ് ആയതായി കണ്ടെത്തിയിരുന്നു. സിറ്റി പൊലീസ് കമ്മീഷണർക്ക് ബെംഗളൂരുവിൽ തട്ടിപ്പിനിരയായ 395 പേർ പരാതി നൽകിയിട്ടുണ്ട്. കഴിഞ്ഞ 7 മുതൽ ടോമി, ഭാര്യ ഷൈനി എന്നിവരെ കാണാതായതോടെയാണു നിക്ഷേപകർ പരാതി നൽകിയത്. 100 കോടിയിലേറെ രൂപയുടെ തട്ടിപ്പു നടന്നതായാണു പൊലീസിന്റെ പ്രാഥമിക നിഗമനം.
ടോമി വർഷങ്ങൾക്കു മുൻപാണ് ബെംഗളൂരുവിൽ എത്തിയത്. സ്വദേശമായ കുട്ടനാട് രാമങ്കരിയിൽ ഡിവൈഎഫ്ഐയുടെ സജീവ പ്രവർത്തകനായിരുന്നു. ബെംഗളൂരുവിൽ ബിസിനസ് നടത്തുകയാണെന്നാണ് നാട്ടിൽ ലഭിച്ച വിവരം. മകളുടെ ആദ്യ കുർബാനയ്ക്കായി 2 വർഷം മുൻപ് ദമ്പതികൾ നാട്ടിലെത്തിയിരുന്നു. മാമ്പുഴക്കരിക്കു സമീപമുള്ള കുടുംബവീട് വർഷങ്ങളായി അടച്ചിട്ടിരിക്കുകയാണ്. അമ്മ ടോമിയുടെ സഹോദരനൊപ്പം ചങ്ങനാശ്ശേരിയിലാണു താമസിക്കുന്നത്.