എറണാകുളം എടത്തലയിൽ ബാർ ഹോട്ടലിൽ പണം വാതുവച്ച് ചീട്ടുകളി സംഘടിപ്പിച്ച ഏഴംഗ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. പൂക്കാട്ടുപടിയിലെ ക്ലബ് 99 ബാർ ഹോട്ടലിൽ ഞായറാഴ്ച രാത്രി നടത്തിയ റെയ്ഡിലാണ് സംഘം പിടിയിലായത്.

ശനിയാഴ്ചയും ഞായറാഴ്ചയും ഇവിടെ സ്ഥിരമായി പണവാതുവെച്ചുള്ള ചീട്ടുകളി നടക്കുന്നതായി ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു പോലീസ് പരിശോധന. റെയ്ഡിനിടെ ചീട്ടുകളി നടന്നുകൊണ്ടിരിക്കെയായിരുന്നു പ്രതികൾ കുടുങ്ങിയത്.

പണമിടപാടുകൾ കൂടുതലായും ഗൂഗിൾ പേ വഴിയാണ് നടത്തിയിരുന്നതെന്ന് അന്വേഷണത്തിൽ വ്യക്തമായി. ഇതുമായി ബന്ധപ്പെട്ട് പിടിയിലായവരുടെ ഡിജിറ്റൽ ഇടപാടുകൾ പോലീസ് വിശദമായി പരിശോധിച്ചുവരികയാണ്.

സംഭവസ്ഥലത്ത് നിന്ന് 19,000 രൂപ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. തുക കണ്ടുകെട്ടിയതായും, സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.

Related Posts