കേരളത്തിൽ ഇന്ന് അഞ്ച് ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം അതിതീവ്ര ന്യൂനമർദമായി ശക്തിപ്രാപിക്കാനിടയുള്ളതാണ് കേരളത്തിൽ മഴ ശക്തമാകാൻ പ്രധാന കാരണം. ജൂലൈ 27 ഉച്ചയോടെ വടക്കൻ ഒഡീഷ–പശ്ചിമ ബംഗാൾ തീരത്ത് പാരദ്വീപിനും സാഗർ ദ്വീപിനുമിടയിൽ ഇത് കരതൊടുമെന്നാണ് പ്രവചനം. പടിഞ്ഞാറൻ രാജസ്ഥാനിന് മുകളിലായി മറ്റൊരു ന്യൂനമർദവും സജീവമാണ്.

ജൂലൈ 30 വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. ഇതിൻ്റെ ഭാഗമായി വിവിധ ജില്ലകളിൽ തുടർന്നുള്ള ദിവസങ്ങളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മഴ ശക്തമാകാൻ സാധ്യതയുള്ളതിനാൽ മലയോര മേഖലകളിലും വെള്ളക്കെട്ട് സാധ്യതയുള്ള പ്രദേശങ്ങളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റിയും കാലാവസ്ഥ വകുപ്പും നിർദേശിച്ചു.

Related Posts