അതിവേഗ റെയിൽ പാത പദ്ധതിയുമായി ബന്ധപ്പെട്ട് ശ്രീധരന് ഒരു ചുമതലയും നൽകിയിട്ടില്ലെന്ന് അതിവേഗ റെയിൽ കോർപ്പറേഷൻ. റെയിൽവേ മന്ത്രാലയത്തിന് നൽകിയ വിവരാവകാശ അപേക്ഷയിലാണ് നാഷണൽ ഹൈ സ്പീഡ് റെയിൽ കോർപ്പറേഷൻ ഇത്തരത്തിൽ മറുപടി നൽകിയത്. ശ്രീധരനെ 2023 ജൂൺ മുതൽ 2026 ഫെബ്രുവരി 6 വരെയുള്ള കാലയളവിൽ കേരളത്തിലെ ഒരു പദ്ധതിയിലും ചുമതലപ്പെടുത്തിയിട്ടില്ല എന്നാണ് വിവരാവകാശ മറുപടിയിൽ പറയുന്നത്.

പദ്ധതികൾ വിലയിരുത്തുന്നതിനോ ഉപദേശം നൽകുന്നതിനോ ശ്രീധരനെ ചുമതലപ്പെടുത്തിയിട്ടില്ല എന്നും വിവരാവകാശ മറുപടിയിൽ വ്യക്തമാക്കി. അതിവേഗ പാതയുമായി ബന്ധപ്പെട്ട് ഡിപിആർ തയ്യാറാക്കാൻ കേന്ദ്ര റെയിൽവേ മന്ത്രി തന്നോട് പറഞ്ഞിരുന്നുവെന്നും തന്‍റെ മേൽനോട്ടത്തിൽ ഡിഎംആർസി അത് ചെയ്യണമെന്ന് മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇ ശ്രീധരൻ പറഞ്ഞിരുന്നു.

ഇതിന് പിന്നാലെ അദ്ദേഹം മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്കായി മലപ്പുറം പൊന്നാനിയിൽ ഓഫീസ് തുറക്കുകയും ചെയ്തിരുന്നു. നേരത്തെ ശ്രീധരന്‍റെ ചുമതലയെക്കുറിച്ച് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവും കൃത്യമായ മറുപടി നൽകാതെ ഒഴിഞ്ഞു മാറിയിരുന്നു. രാജ്യസഭയിൽ എംപിമാരായ ഹാരിസ് ബീരാനും ജോൺ ബ്രിട്ടാസും ഉന്നയിച്ച ചോദ്യത്തിനായിരുന്നു അശ്വിനി വൈഷ്ണവ് വ്യക്തതയില്ലാത്ത മറുപടി നൽകി ഒഴിഞ്ഞു മാറിയത്.

Related Posts