ഇലക്ട്രോണിക് സിറ്റിയിലേക്ക് പുതിയ വജ്ര എസി സർവീസുമായി ബിഎംടിസി ബെംഗളൂരുവിലെ ഐടി ജീവനക്കാർക്കും ദൈനംദിന യാത്രക്കാർക്കും ആശ്വാസമായി കനകപുര, ചന്നപട്ടണ എന്നിവിടങ്ങളിൽ നിന്ന് ഇലക്ട്രോണിക് സിറ്റിയിലേക്കുള്ള പുതിയ വജ്ര എസി ബസ് സർവീസുകൾ ഇന്ന് മുതൽ ബിഎംടിസി ആരംഭിക്കും.

കനകപുരയിൽ നിന്ന് റൂട്ട് നമ്പർ EXV KNP-1A ബസ് രാവിലെ 7.45ന് സർവീസ് ആരംഭിക്കും. ഈ സർവീസിൻ്റെ യാത്രാനിരക്ക് ₹130 ആണ്. അതേസമയം, ചന്നപട്ടണയിൽ നിന്ന് റൂട്ട് നമ്പർ AXV CPT-1A ബസും രാവിലെ 7.45ന് പുറപ്പെടും. ഈ റൂട്ടിലെ യാത്രാനിരക്ക് ₹170 ആയി നിശ്ചയിച്ചിട്ടുണ്ട്.

ഇരു സർവീസുകളുടെയും മടക്കയാത്ര വൈകിട്ട് 5.45ന് ഇലക്ട്രോണിക് സിറ്റിയിലെ വിപ്രോ ഗേറ്റിൽ നിന്നായിരിക്കും. നഗരത്തിൻ്റെ തെക്കൻ ഐടി മേഖലയിലേക്ക് യാത്ര ചെയ്യുന്നവർക്ക് കൂടുതൽ സൗകര്യപ്രദവും വേഗമേറിയതുമായ യാത്ര ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ വജ്ര എസി സർവീസുകൾ ആരംഭിക്കുന്നതെന്ന് ബിഎംടിസി അധികൃതർ അറിയിച്ചു.

Related Posts