റഷ്യൻ കൂലിപ്പട്ടാളത്തിൽ ചേർന്ന തൃശ്ശൂർ കുട്ടനെല്ലൂർ സ്വദശി യുദ്ധത്തിൽ കൊല്ലപ്പെട്ടു. റഷ്യ – ഉക്രൈയിൻ യുദ്ധത്തിൽ കുട്ടനെല്ലൂർ സ്വദേശി ബിനിൽ ബാബുവാണ് കൊല്ലപ്പെട്ടത്. ഇതുസംബന്ധിച്ച് തൃശ്ശൂർ ജില്ലാ ഭരണകൂടത്തിന് നോർക്കയുടെ അറിയിപ്പ് ലഭിച്ചു. ബിനിലിനൊപ്പം റഷ്യയിൽ ജോലിക്കുപോയ ജെയിൻ കുര്യനും യുദ്ധത്തിൽ ഗുരുതര പരിക്കേട്ടുണ്ട്. പരിക്കേറ്റ ജെയിൻ കുര്യൻ മോസ്കോയിലെ ആശുപത്രിയിൽ ചികിത്സയിലാണെന്ന് ഇന്ത്യൻ എംബസി അറിയിച്ചിട്ടുണ്ട്. മാസങ്ങൾക്ക് മുൻപ് തൃശ്ശൂർ സ്വദേശിയായ മറ്റൊരാളും യുദ്ധത്തിൽ കൊല്ലപ്പെട്ടിരുന്നു. കല്ലൂർ നായരങ്ങാടി സ്വദേശിയായ സന്ദീപ് ചന്ദ്രൻ (36) ആണ് റഷ്യൻ സൈനിക സംഘത്തിനൊപ്പം യുദ്ധം ചെയ്യവെ യുക്രൈനിൽ ഷെൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.

റഷ്യൻ സൈന്യത്തിന്‍റെ കൂടി അറിവോടെയാണ് ഇത്തരത്തിൽ മനുഷ്യക്കടത്ത് നടത്തുന്നതെന്നും പറയപ്പെടുന്നു. മനുഷ്യക്കടത്ത് സംഘത്തിന്‍റെ തട്ടിപ്പിൽപ്പെട്ടാണ് പല യുവാക്കളും റഷ്യൻ കൂലിപ്പട്ടാളത്തിൽ എത്തിപ്പെടുന്നത്. വൻ ശമ്പളം വാഗ്ദ‌നം ചെയ്‌താണ് പല യുവാക്കളെയും കബളിപ്പിപ്പെടുന്നത്. പാസ്പോർട്ട് അടക്കമുള്ള രേഖകളും മൊബൈൽ ഫോണും കൈവശപ്പെടുത്തിയശേഷം കുറച്ചു കാലത്തെ പരിശീലനം നൽകിയശേഷം യുവാക്കളെ സൈനികർക്കൊപ്പം യുദ്ധഭൂമിയിലേക്ക് അയയ്ക്കുകയാണ് ചെയ്യുന്നത്. ഇവരെ താമസിപ്പിക്കുന്ന ക്യാമ്പിൽ ആവശ്യത്തിന് ഭക്ഷണമോ വെള്ളമോ കിട്ടാറില്ലെന്നും യുദ്ധത്തിൽ പരിക്കേറ്റ മലയാളി യുവാക്കൾ നേരത്തെ അറിയിച്ചിട്ടുണ്ടായിരുന്നു.

Related Posts