ആലപ്പുഴയിലെ രക്ഷാപ്രവർത്തന കേസ് അട്ടിമറിച്ചെന്ന ആരോപണത്തെ തുടർന്ന് സസ്പെൻഷനിലായ എഡിജിപി എം.ആർ. അജിത് കുമാറിനെതിരെ കൂടുതൽ നിർണായക വിവരങ്ങൾ പുറത്തുവന്നു. കേസിൽ അജിത് കുമാറിന് നേരിട്ട് പങ്കുണ്ടെന്ന് സൂചിപ്പിക്കുന്ന വിവരങ്ങളാണ് സസ്പെൻഷൻ ഉത്തരവിലുള്ളതെന്നാണ് റിപ്പോർട്ട്.
കേസന്വേഷണവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ മൊഴികളാണ് അജിത് കുമാറിന് തിരിച്ചടിയായത്. അദ്ദേഹത്തിൻ്റെ ഓഫീസിൽ പ്രവർത്തിച്ചിരുന്ന രണ്ട് ഗ്രേഡ് എസ്ഐമാർ അന്വേഷണത്തിൽ നേരിട്ട് ഇടപെട്ടതായും, ഇവരുടെ പ്രവർത്തനങ്ങളെക്കുറിച്ച് അജിത് കുമാർ നൽകിയ വിശദീകരണം തൃപ്തികരമല്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
സംഭവത്തിൽ എഡിജിപിക്കെതിരെ വകുപ്പുതല അന്വേഷണം ആരംഭിക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഡി.ജി.പി റാങ്കിലുള്ള മുതിർന്ന ഉദ്യോഗസ്ഥനാകും അന്വേഷണത്തിന് നേതൃത്വം നൽകുക. കേസിൽ കൂടുതൽ ഉദ്യോഗസ്ഥരുടെ പങ്കും അന്വേഷണപരിധിയിൽ ഉൾപ്പെടുത്തുമെന്നാണ് വിവരം.
സസ്പെൻഷനും വകുപ്പുതല അന്വേഷണവും അജിത് കുമാറിൻ്റെ ഔദ്യോഗിക ജീവിതത്തെ തന്നെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ജൂലൈ 31-ന് ലഭിക്കേണ്ടിയിരുന്ന ഡി.ജി.പി സ്ഥാനക്കയറ്റം സസ്പെൻഷൻ നിലനിൽക്കുന്ന സാഹചര്യത്തിൽ താൽക്കാലികമായി തടഞ്ഞിരിക്കുകയാണ് സർക്കാർ.
വകുപ്പുതല അന്വേഷണം പൂർത്തിയാകുന്നതുവരെ ഡി.ജി.പി നിയമനവുമായി ബന്ധപ്പെട്ട തുടർനടപടികൾ ഉണ്ടാകില്ലെന്നും, അന്വേഷണം പൂർത്തിയായ ശേഷമാകും അന്തിമ തീരുമാനം കൈക്കൊള്ളുകയെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു.