നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ഡൽഹിയിൽ സിജെപി നടത്തുന്ന പ്രതിഷേധം ശക്തമാകുന്നതിനിടെ സുരക്ഷ കർശനമാക്കി ഡൽഹി പൊലീസ്. മുൻകരുതൽ നടപടിയുടെ ഭാഗമായി ഏകദേശം 200 പേരെ കരുതൽ കസ്റ്റഡിയിൽ എടുത്തതായി പൊലീസ് അറിയിച്ചു.
പ്രതിഷേധ സ്ഥലത്തെത്തിയ ചിലരിൽ നിന്ന് കുരുമുളക് സ്പ്രേ ഉൾപ്പെടെയുള്ള വസ്തുക്കൾ പിടിച്ചെടുത്തതായും, കസ്റ്റഡിയിലുള്ളവരിൽ വിദ്യാർഥികളല്ലാത്ത ചിലരും വിവിധ ഗുണ്ടാസംഘങ്ങളുമായി ബന്ധമുള്ളവരും ഉൾപ്പെട്ടിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. ഉത്തർപ്രദേശ്, രാജസ്ഥാൻ, ഹരിയാന, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നെത്തിയവരാണ് പിടിയിലായവരിൽ കൂടുതലും.
സുരക്ഷാ മുൻകരുതലിൻ്റെ ഭാഗമായി ഡൽഹിയിലെ 17 മെട്രോ സ്റ്റേഷനുകൾ ഇന്ന് രാവിലെ മുതൽ താൽക്കാലികമായി അടച്ചിട്ടു. പ്രതിഷേധം വ്യാപിക്കുന്ന സാഹചര്യത്തിൽ നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ അധിക പൊലീസ് സേനയെയും വിന്യസിച്ചിട്ടുണ്ട്.