പുലിക്കളി കലാകാരന്മാരുടെ ശരീരഘടനയെ പരിഹസിച്ചുള്ള പരാമർശങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി ടൂറിസം മന്ത്രി പി.സി.വിഷ്ണുനാഥ്. ശരീരത്തിൻ്റെ പേരിൽ കലാകാരന്മാരെ അപമാനിക്കുന്നത് പരിഷ്കൃത സമൂഹത്തിന് ചേർന്ന നടപടിയല്ലെന്നും ഇത്തരം അധിക്ഷേപങ്ങൾ അംഗീകരിക്കാനാകില്ലെന്നും മന്ത്രി വ്യക്തമാക്കി. പുലിക്കളി സംഘങ്ങൾക്ക് നൽകുന്ന സർക്കാർ ധനസഹായം ഇത്തവണ മുതൽ വർധിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു. കലാകാരന്മാരുടെ ആത്മാഭിമാനവും പാരമ്പര്യ കലാരൂപത്തിൻ്റെ പ്രാധാന്യവും സംരക്ഷിക്കേണ്ടത് സർക്കാരിൻ്റെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം വ്യക്തമാക്കി.

നടനും എഴുത്തുകാരനുമായ വി.കെ. ശ്രീരാമൻ പുലിക്കളിയെക്കുറിച്ച് സമൂഹമാധ്യമത്തിൽ നടത്തിയ പരാമർശമാണ് വിവാദത്തിന് തുടക്കമിട്ടത്. പരാമർശം പുലിക്കളി കലാകാരന്മാർക്കിടയിൽ പ്രതിഷേധത്തിന് ഇടയാക്കിയതിനെ തുടർന്ന് ശ്രീരാമൻ പിന്നീട് ഖേദം പ്രകടിപ്പിച്ചിരുന്നു. മനുഷ്യരെ ശരീരഘടനയുടെയോ ബാഹ്യരൂപത്തിൻ്റെയോ പേരിൽ അധിക്ഷേപിക്കുന്നത് ഒരു തരത്തിലും ന്യായീകരിക്കാനാകില്ലെന്ന് മന്ത്രി പറഞ്ഞു. ശ്രീരാമനെപ്പോലുള്ള ഒരാളിൽനിന്ന് ഇത്തരമൊരു പ്രതികരണമുണ്ടായത് ഏറെ വിഷമിപ്പിച്ചെന്നും മന്ത്രി സമൂഹമാധ്യമ കുറിപ്പിൽ വ്യക്തമാക്കി.

അതേസമയം, ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളന വേദിയിൽ അവതരിപ്പിച്ച ‘മിസ’ എന്ന നാടകത്തിനെതിരായ സൈബർ ആക്രമണങ്ങളിലും മന്ത്രി പ്രതികരിച്ചു. നാടകപ്രവർത്തകർക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ച മന്ത്രി, നാടകത്തിൻ്റെ ആശയത്തിനും അവതരണത്തിനും അനുസരിച്ചാണ് കലാകാരന്മാർ വേദിയിലെത്തുന്നതെന്നും അത് ആവിഷ്കാര സ്വാതന്ത്ര്യത്തിൻ്റെ ഭാഗമാണെന്നും വ്യക്തമാക്കി.
നാടകപ്രവർത്തകർക്കെതിരായ സൈബർ ആക്രമണങ്ങൾ അംഗീകരിക്കാനാകില്ലെന്നും ഇത്തരം സംഭവങ്ങളിൽ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

Related Posts