ജന്തർമന്ദറിൽ നടന്ന പ്രതിഷേധ മാർച്ചിനിടെ പെല്ലറ്റ് ആക്രമണമുണ്ടായെന്ന പരാതിയിൽ ദില്ലി പൊലീസ് കേസെടുക്കും. പരാതിക്കാരൻ്റെ മൊഴി രേഖപ്പെടുത്തിയ ശേഷം ആവശ്യമായ കൂടുതൽ വകുപ്പുകൾ ഉൾപ്പെടുത്തുന്ന കാര്യം പരിഗണിക്കുമെന്നും പൊലീസ് വൃത്തങ്ങൾ അറിയിച്ചു.
പെല്ലറ്റ് ആക്രമണത്തിൽ പരിക്കേറ്റ വിദ്യാർഥിക്കൊപ്പമാണ് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പരാതി നൽകാൻ പൊലീസ് സ്റ്റേഷനിലെത്തിയത്. ആദ്യം മന്ദിർ മാർഗ് പൊലീസ് സ്റ്റേഷനിലെത്തിയെങ്കിലും കേസ് രജിസ്റ്റർ ചെയ്യാൻ പൊലീസ് തയ്യാറായില്ലെന്നാണ് ആരോപണം. തുടർന്ന് രാഹുൽ ഗാന്ധിയും വിദ്യാർഥിയും പാർലമെന്റ് സ്ട്രീറ്റിലെ സെൻട്രൽ ഡൽഹി ഡെപ്യൂട്ടി കമ്മിഷണർ ഓഫ് പൊലീസ് ഓഫീസിലെത്തി പരാതി നൽകുകയായിരുന്നു.
സിജെപി സംഘടിപ്പിച്ച ‘സൻസദ് ചലോ’ മാർച്ചിനിടെ വിദ്യാർഥികൾക്ക് നേരെ പെല്ലറ്റ് തോക്ക് പ്രയോഗിച്ചെന്ന ആരോപണം നേരത്തെ ശക്തമായിരുന്നു. 19കാരനായ സാഹിൽ ലോചബ് ഉൾപ്പെടെയുള്ള വിദ്യാർഥികൾക്ക് പരിക്കേറ്റതായും സാഹിലിൻ്റെ കാഴ്ചശക്തിയെ ബാധിക്കുന്ന തരത്തിൽ പരിക്കുണ്ടായതായും റിപ്പോർട്ടുകളുണ്ടായിരുന്നു.