ഇ20 പെട്രോളിൻ്റെ ഉപയോഗം മൂലം വാഹനത്തിന് ഗുരുതര തകരാർ സംഭവിച്ചെന്ന പരാതിയിൽ വാഹന ഉടമയ്ക്ക് അനുകൂലമായി ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ നിർണായക വിധി പുറപ്പെടുവിച്ചു. രാജ്യത്ത് ഇ20 പെട്രോളുമായി ബന്ധപ്പെട്ട് ലഭിക്കുന്ന ആദ്യത്തെ സുപ്രധാന ഉപഭോക്തൃ വിധിയാണിത്.

ഛത്തീസ്ഗഡിലെ റായ്പൂരിൽ നിന്നുള്ള ഡോ. പ്രേംരാജ് ദേവത് നൽകിയ പരാതിയിലാണ് കമ്മീഷൻ്റെ നടപടി. 2024-ൽ വാങ്ങിയ ഗ്രാൻഡ് വിറ്റാര സ്ട്രോങ് ഹൈബ്രിഡ് വാഹനം 21,000 കിലോമീറ്റർ പിന്നിട്ടതിന് ശേഷം എൻജിൻ നിരന്തരം തകരാറിലായതായി പരാതിയിൽ പറയുന്നു.

പലതവണ സർവീസ് സെന്ററിൽ നൽകിയിട്ടും പ്രശ്നം പരിഹരിക്കാനായില്ല. തുടർന്ന് ഇന്ധന ടാങ്കിൽ കണ്ടെത്തിയ അവശിഷ്ടങ്ങൾ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോൾ എഥനോൾ സാന്നിധ്യമാണ് എൻജിൻ തകരാറിന് കാരണമായതെന്നാണ് കണ്ടെത്തിയത്.

എന്നാൽ ഗുണനിലവാരമില്ലാത്ത ഇന്ധനം ഉപയോഗിച്ചതാണ് പ്രശ്നത്തിന് കാരണമെന്ന് മാരുതി സുസുക്കി വാദിച്ചു. ഈ വാദം കമ്മീഷൻ അംഗീകരിച്ചില്ല. വിപണിയിൽ ലഭ്യമായ ഇന്ധനത്തിന് അനുയോജ്യമായ രീതിയിൽ വാഹനങ്ങൾ രൂപകൽപ്പന ചെയ്യേണ്ടത് വാഹന നിർമാതാക്കളുടെ ഉത്തരവാദിത്തമാണെന്ന് കമ്മീഷൻ നിരീക്ഷിച്ചു.

ഇതിൻ്റെ അടിസ്ഥാനത്തിൽ പരാതിക്കാരന് പുതിയ വാഹനം നൽകാൻ മാരുതി സുസുക്കിയോടും ഡീലറോടും കമ്മീഷൻ ഉത്തരവിട്ടു. 45 ദിവസത്തിനകം വാഹനം നൽകാത്ത പക്ഷം 21.60 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും വിധിയിൽ വ്യക്തമാക്കിയിട്ടുണ്ട്.

Related Posts