തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ സൗജന്യങ്ങൾ നൽകുന്ന വിവിധ സർക്കാരുകൾക്കെതിരെ വിമർശനവുമായി സുപ്രീംകോടതി. ഈ ട്രെൻഡ് എത്രകാലം നീണ്ടുനിൽക്കുമെന്ന് കോടതി ചോദിച്ചു.
തമിഴ്നാട് സർക്കാർ സൗജന്യ വൈദ്യുതി പ്രഖ്യാപിച്ചതിനെതിരെ തമിഴ്നാട് വൈദ്യുതി വിതരണ കോർപറേഷൻ നൽകിയ ഹർജിയിലാണ് തമിഴ്നാട് സർക്കാരിനെയും വിവിധ സംസ്ഥാന സർക്കാരുകളെയും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അടങ്ങുന്ന ബെഞ്ച് വിമർശിച്ചത്. സൗജന്യ വിതരണം തുടരുമ്പോൾ രാജ്യത്തിൻ്റെ വികസനം നാം തടസപ്പെടുത്തുകയാണെന്നും കോടതി പറഞ്ഞു.
ഇലക്ഷന് തൊട്ടുമുൻപ് ചില സംസ്ഥാനങ്ങളിൽ പെട്ടെന്ന് ക്ഷേമപദ്ധതികൾ പ്രഖ്യാപിച്ചത് തങ്ങൾ കണ്ടിരുന്നെന്നും സൗജന്യമായി പണം നൽകിയാൽ ആളുകൾ തൊഴിലെടുക്കുമോയെന്ന് കോടതി ചോദിച്ചു. റവന്യു മിച്ചമുള്ള സംസ്ഥാനമാണെങ്കിൽ ആ തുക സംസ്ഥാനത്തെ ആകെ ജനങ്ങളുടെ വികസനത്തിനും റോഡുകൾ, ആശുപത്രികൾ, സ്കൂളുകൾ എന്നിവയ്ക്കായി ചെലവഴിക്കേണ്ടത് നിങ്ങളുടെ ചുമതലയല്ലേ? – കോടതി ചോദിച്ചു.