ബെംഗളൂരുവിൽ പ്രണയബന്ധം അവസാനിപ്പിച്ചതിൻ്റെ വൈരാഗ്യം യുവതിയുടെ ജീവനെടുത്തു. നിയമവിദ്യാർത്ഥിനിയായ അമൃത (22) ചികിത്സയിലിരിക്കെ മരിച്ചു. മുൻ കാമുകൻ്റെ സഹോദരൻ നടത്തിയ കത്തിക്കുത്തിലാണ് അമൃതയ്ക്ക് ഗുരുതര പരിക്കേറ്റത്. ജൂലൈ 13-ന് കൊടിഹള്ളിയിലുള്ള താമസസ്ഥലത്തിന് സമീപമാണ് സംഭവം. നിയമപഠനത്തോടൊപ്പം ഒരു പിസ ഔട്ട്‌ലെറ്റിൽ പാർട്ട് ടൈം ജോലി ചെയ്തിരുന്ന അമൃത, കുടുംബപരിചയത്തിലൂടെ ധനുഷ് എന്ന യുവാവുമായി പ്രണയത്തിലായിരുന്നു. എന്നാൽ വിവാഹമോചിതനും ഒരു കുട്ടിയുടെ പിതാവുമായിരുന്ന വിവരം ധനുഷ് മറച്ചുവെച്ചിരുന്നതായി പൊലീസ് പറയുന്നു.

സത്യം മനസ്സിലാക്കിയതോടെ അമൃത ബന്ധം അവസാനിപ്പിച്ചു. ഇതിൽ പ്രകോപിതനായ ധനുഷിൻ്റെ സഹോദരൻ സൂര്യ, അമൃതയെ പലതവണ ഭീഷണിപ്പെടുത്തിയിരുന്നുവെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.

സംഭവദിവസം അമൃതയുടെ താമസസ്ഥലത്തിന് സമീപമെത്തിയ സൂര്യ വീണ്ടും തർക്കമുണ്ടാക്കുകയും വാക്കേറ്റത്തിനിടെ കത്തികൊണ്ട് ആക്രമിക്കുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ അമൃതയെ നാട്ടുകാർ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മൂന്ന് ദിവസത്തെ ചികിത്സയ്ക്കൊടുവിൽ മരണത്തിന് കീഴടങ്ങി.

സംഭവത്തിൽ ധനുഷിനെയും സൂര്യയെയും പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതകക്കുറ്റം ചുമത്തി കേസെടുത്ത പൊലീസ് അന്വേഷണം തുടരുകയാണ്. അമൃതയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി സി.വി. രാമൻ ആശുപത്രിയിലേക്ക് മാറ്റി.

Related Posts