ബെംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൻ്റെ വികസന പദ്ധതികൾക്ക് കേന്ദ്ര സർക്കാർ അനുമതി നൽകിയതോടെ വിപുലീകരണ പ്രവർത്തനങ്ങൾ കൂടുതൽ വേഗത്തിലാകും. വർധിച്ചുവരുന്ന യാത്രക്കാരുടെയും കാർഗോ ഗതാഗതത്തിൻ്റെയും ആവശ്യങ്ങൾ മുൻനിർത്തിയാണ് വിമാനത്താവളത്തിൻ്റെ ശേഷി വർധിപ്പിക്കാൻ തീരുമാനം.

നിലവിൽ ടെർമിനൽ 1, ടെർമിനൽ 2 എന്നിവ ചേർന്ന് വർഷത്തിൽ 5.15 കോടി (51.5 മില്യൺ) യാത്രക്കാരെ കൈകാര്യം ചെയ്യാൻ ശേഷിയുള്ള വിമാനത്താവളം, 2030 ഓടെ ഇത് 8 കോടി (80 മില്യൺ) യാത്രക്കാരായി ഉയർത്താനാണ് ലക്ഷ്യമിടുന്നത്. ഇതിനായി ടാക്‌സിവേ, ഏപ്രൺ, അനുബന്ധ സൗകര്യങ്ങൾ എന്നിവ ഘട്ടംഘട്ടമായി വികസിപ്പിക്കും. വിമാനത്താവളത്തിന് നിലവിൽ രണ്ട് സമാന്തര റൺവേകളുള്ളതിനാൽ വികസനം കൂടുതൽ സുഗമമാകുമെന്നാണ് വിലയിരുത്തൽ.

കാർഗോ മേഖലയിലും വലിയ വികസനമാണ് ലക്ഷ്യമിടുന്നത്. നിലവിൽ പ്രതിവർഷം 10 ലക്ഷം മെട്രിക് ടൺ കാർഗോ കൈകാര്യം ചെയ്യാനുള്ള ശേഷിയുള്ള വിമാനത്താവളത്തിൽ ഇപ്പോൾ ഉപയോഗിക്കുന്നത് ഏകദേശം 5.3 ലക്ഷം മെട്രിക് ടൺ മാത്രമാണ്. ഭാവിയിൽ കയറ്റുമതിയും വ്യോമ ചരക്കുനീക്കവും വർധിക്കുമെന്ന പ്രതീക്ഷയിൽ കാർഗോ അടിസ്ഥാനസൗകര്യങ്ങളും ശക്തിപ്പെടുത്തും.

വികസനത്തിൻ്റെ ഭാഗമായി വിമാനത്താവളത്തിലേക്കുള്ള ഏവിയേഷൻ ടർബൈൻ ഇന്ധനം (ATF) എത്തിക്കാൻ ദേവനഗൊന്തിയിൽ നിന്ന് പുതിയ പൈപ്പ്‌ലൈൻ പദ്ധതിക്കും അനുമതി ലഭിച്ചിട്ടുണ്ട്. ഇത് ഇന്ധനവിതരണം കൂടുതൽ കാര്യക്ഷമമാക്കുകയും റോഡ് ഗതാഗതത്തെ ആശ്രയിക്കുന്നത് കുറയ്ക്കുകയും ചെയ്യും.

Related Posts