കോടിയേരി ബാലകൃഷ്ണൻ്റെ ഭാര്യാസഹോദരൻ എസ്.ആർ. വിനയകുമാർ സിപിഎമ്മുമായുള്ള ബന്ധം അവസാനിപ്പിച്ചു. പാർട്ടി നേതൃത്വത്തിനെതിരെ രൂക്ഷവിമർശനം ഉന്നയിച്ചാണ് പാർട്ടി അംഗത്വം പുതുക്കേണ്ടതില്ലെന്ന് അദ്ദേഹം തീരുമാനിച്ചത്.
പൊതുമേഖലാ സ്ഥാപനമായ യുണൈറ്റഡ് ഇലക്ട്രിക്കൽസ് ഇൻഡസ്ട്രീസിൻ്റെ മുൻ എംഡിയായ വിനയകുമാർ കേശവദാസപുരം ബ്രാഞ്ച് കമ്മിറ്റി അംഗമായിരുന്നു. സിപിഎം പിണറായി വിജയൻ്റെ നിയന്ത്രണത്തിലായെന്നും പാർട്ടി വ്യക്തികേന്ദ്രീകൃതമായി മാറിയെന്നുമാണ് അദ്ദേഹത്തിൻ്റെ വിമർശനം.
പിണറായി വിജയനും എം.വി. ഗോവിന്ദനും സ്ഥാനങ്ങളിൽനിന്ന് മാറാതെ സിപിഎമ്മിന് രക്ഷയില്ലെന്നും വിനയകുമാർ തുറന്നടിച്ചു.
പിണറായി വിജയനെ ചുറ്റിപ്പറ്റിയുള്ള ഏതാനും നേതാക്കൾ മാത്രമായി പാർട്ടി ചുരുങ്ങിയെന്നാണ് അദ്ദേഹത്തിൻ്റെ ആരോപണം. മുഖ്യമന്ത്രിയുടെ സ്വകാര്യ, കുടുംബകാര്യങ്ങൾ സംരക്ഷിക്കുന്നതിനും മകൾക്കെതിരായ കേസുകളെയും മറ്റ് പ്രശ്നങ്ങളെയും പ്രതിരോധിക്കുന്നതിനുമാണ് ഇപ്പോൾ പാർട്ടി മുൻഗണന നൽകുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സംഘടനാപരമായ കാര്യങ്ങളിൽ നേതാക്കൾക്ക് താൽപര്യമില്ലെന്നും പുതിയ പാർട്ടി സെക്രട്ടറിയെക്കുറിച്ച് പ്രത്യേകിച്ച് ഒന്നും പറയാനില്ലെന്നും വിനയകുമാർ പറഞ്ഞു. എം.വി. ഗോവിന്ദൻ വല്ലപ്പോഴുമെങ്കിലും താൻ ഇരിക്കുന്ന കസേരയുടെ ഉത്തരവാദിത്തത്തെക്കുറിച്ച് ആലോചിക്കുന്നത് നന്നായിരിക്കുമെന്നും അദ്ദേഹം പരിഹസിച്ചു.