തമിഴ്നാട്ടിൽനിന്ന് കേരളത്തിലേക്ക് ക്വാറി ഉൽപന്നങ്ങൾ കൊണ്ടുപോകുന്നതിനുള്ള നിരോധനം റദ്ദാക്കി ഹൈക്കോടതി
തമിഴ്നാട്ടിൽനിന്ന് കേരളമടക്കമുള്ള അയൽസംസ്ഥാനങ്ങളിലേക്ക് ക്വാറി ഉൽപന്നങ്ങൾ കൊണ്ടുപോകുന്നതിന് ഏർപ്പെടുത്തിയ നിരോധനം മദ്രാസ് ഹൈക്കോടതി റദ്ദാക്കി. കല്ല്, എം-സാൻഡ്, ജെല്ലി തുടങ്ങിയ നിർമാണ സാമഗ്രികളുടെ നീക്കം തടഞ്ഞുകൊണ്ടുള്ള തമിഴ്നാട് സർക്കാരിൻ്റെ ഉത്തരവാണ് കോടതി അസാധുവാക്കിയത്.
2011-ലെ നിയമത്തിൽ കഴിഞ്ഞ ജൂലൈയിൽ ഭേദഗതി വരുത്തിയ ‘3 എ’ ചട്ടം ഭരണഘടനാ വിരുദ്ധമാണെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ഇത്തരം താൽക്കാലിക നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ജിയോളജി വകുപ്പ് ഡയറക്ടർക്ക് അധികാരമില്ലെന്നും കോടതി നിരീക്ഷിച്ചു.
2027 ജനുവരി 25 വരെ നിരോധനം നീട്ടിക്കൊണ്ടായിരുന്നു തമിഴ്നാട് സർക്കാർ ഉത്തരവിറക്കിയിരുന്നത്. തമിഴ്നാട്ടിൽ ക്വാറി ഉൽപന്നങ്ങളുടെ ലഭ്യത കുറഞ്ഞതും അനധികൃത ഖനനം വർധിച്ചതും ചൂണ്ടിക്കാട്ടിയായിരുന്നു ജൂലൈയിൽ ആദ്യം മൂന്ന് മാസത്തേക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്. പിന്നീട് നിരോധനത്തിൻ്റെ കാലാവധി നീട്ടുകയായിരുന്നു.
നിരോധനം കേരളത്തിലെ നിർമാണ മേഖലയെയും ദേശീയപാതാ വികസന പ്രവർത്തനങ്ങളെയും പ്രതികൂലമായി ബാധിച്ചിരുന്നു. കേരളത്തിൻ്റെ ആവശ്യത്തിനുള്ള കരിങ്കല്ലിൻ്റെ ഏകദേശം 40 ശതമാനവും തമിഴ്നാട്ടിൽനിന്നാണ് ലഭിച്ചിരുന്നത്. ക്വാറി ഉൽപന്നങ്ങളുടെ ലഭ്യത കുറഞ്ഞതോടെ ഇടപ്പള്ളി–മൂത്തകുന്നം ദേശീയപാതാ റീച്ചിലെ നിർമാണ പ്രവർത്തനങ്ങളും പ്രതിസന്ധിയിലായി.
നിരോധനത്തിൽ ഇളവ് അനുവദിക്കണമെന്ന് കേരളം തമിഴ്നാട് സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രി വി.ഡി. സതീശൻ, തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്ക്ക് കത്തയച്ചെങ്കിലും അനുകൂല നടപടിയുണ്ടായിരുന്നില്ല.
ഹൈക്കോടതിയുടെ പുതിയ ഉത്തരവ് കേരളത്തിലെ നിർമാണ മേഖലയ്ക്ക് വലിയ ആശ്വാസമാകുമെന്നാണ് പ്രതീക്ഷ.