യമുനാ നദി ശുചീകരണത്തിനായി വൻതുക ചെലവഴിച്ചിട്ടും മലിനീകരണം വർധിക്കുന്നതിൽ രൂക്ഷവിമർശനവുമായി സുപ്രീം കോടതി. നദീതീരത്തെ നഗരഭരണ സംവിധാനങ്ങളുടെ തികഞ്ഞ പരാജയമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്ന് ജസ്റ്റിസുമാരായ മനോജ് മിശ്ര, മൻമോഹൻ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.

നദീതീരത്തെ പട്ടണങ്ങൾ, നഗരങ്ങൾ, ഗ്രാമങ്ങൾ എന്നിവിടങ്ങളിലെ ഭരണസംവിധാനങ്ങളുടെ വീഴ്ചയാണ് യമുനയുടെ ശോചനീയാവസ്ഥയ്ക്കും നദിയിലേക്ക് മലിനജലം ഒഴുക്കുന്ന 520 ഓടകൾക്കും കാരണമെന്ന് കോടതി ചൂണ്ടിക്കാട്ടി.

വിവിധ സംസ്ഥാനങ്ങൾ, കേന്ദ്രഭരണ പ്രദേശങ്ങൾ, ജില്ലകൾ എന്നിവയുടെ അതിർത്തികളിലും യമുനയിലേക്ക് പ്രധാന ഓടകൾ ചേരുന്ന ഇടങ്ങളിലും ജലത്തിൻ്റെ ഗുണനിലവാരം കർശനമായി നിരീക്ഷിക്കാൻ സെൻട്രൽ പൊല്യൂഷൻ കൺട്രോൾ ബോർഡിന് കോടതി നിർദേശം നൽകി.

നദിയിലൂടെ കടന്നുപോകുന്ന ഏതെങ്കിലും സംസ്ഥാനത്തോ ജില്ലയിലോ ജലത്തിൻ്റെ ഗുണനിലവാരം മോശമായാൽ ഉത്തരവാദികളായ ഉദ്യോഗസ്ഥർ കണക്കു ബോധിപ്പിക്കേണ്ടിവരുമെന്നും അവർക്കെതിരെ പിഴ ചുമത്തുമെന്നും കോടതി മുന്നറിയിപ്പ് നൽകി.

Related Posts