വാഹനങ്ങളുടെ രൂപമാറ്റവുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങൾ നിശ്ചയിക്കാനുള്ള അധികാരം സംസ്ഥാന സർക്കാരുകൾക്കില്ലെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. കേന്ദ്രം നിശ്ചയിച്ചിട്ടുള്ള ചട്ടങ്ങളും മാനദണ്ഡങ്ങളും അനുസരിച്ചുള്ള രൂപമാറ്റങ്ങൾ മാത്രമേ അനുവദിക്കാനാകൂവെന്നും കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി പാർലമെന്റിൽ അറിയിച്ചു. വാഹനങ്ങളിൽ അനധികൃതമായ മാറ്റങ്ങൾ തടയുകയും രാജ്യത്തുടനീളം ഏകീകൃത മാനദണ്ഡങ്ങൾ ഉറപ്പാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികളെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു.
വി.ശിവദാസൻ എംപിയുടെ ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിലാണ് കേന്ദ്രത്തിൻ്റെ വിശദീകരണം. കേന്ദ്രം അംഗീകരിച്ച മാനദണ്ഡങ്ങൾ പ്രകാരം സംസ്ഥാന സർക്കാർ അംഗീകാരം നൽകിയ വർക്ക്ഷോപ്പുകളിലോ സർവീസ് സ്റ്റേഷനുകളിലോ മാത്രമേ വാഹനങ്ങളിൽ രൂപമാറ്റം നടത്താൻ പാടുള്ളൂവെന്നും മന്ത്രി വ്യക്തമാക്കി.
രൂപമാറ്റം നടത്തുന്നതിന് മുമ്പ് ഫോം 22സി മുഖേന രജിസ്ട്രേഷൻ അതോറിറ്റിയുടെ മുൻകൂർ അനുമതി നിർബന്ധമായും വാങ്ങണം. രൂപമാറ്റം പൂർത്തിയാക്കിയ ശേഷം 14 ദിവസത്തിനുള്ളിൽ അതുസംബന്ധിച്ച വിവരങ്ങൾ വാഹനത്തിൻ്റെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തണമെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി.