ജമ്മു കശ്മീരിലെ കുൽഗാം ജില്ലയിൽ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ ലഷ്കർ-ഇ-ത്വയ്ബ ഭീകരൻ ലത്തീഫ് ഭട്ട് കൊല്ലപ്പെട്ടു. ഇയാളുടെ സഹായിയും ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതായാണ് സൂചന. പ്രദേശത്ത് മറ്റൊരു ഭീകരൻ കൂടി കുടുങ്ങിക്കിടക്കുന്നതായും ഏറ്റുമുട്ടൽ തുടരുന്നതായും പൊലീസ് അറിയിച്ചു.
സൈന്യത്തിൻ്റെയും മറ്റ് സുരക്ഷാ വിഭാഗങ്ങളുടെയും സഹായത്തോടെ പ്രദേശം പൂർണമായും വളഞ്ഞിരിക്കുകയാണ്. സമീപത്തെ സൈനിക യൂണിറ്റുകളും ജമ്മു കശ്മീർ പൊലീസിൻ്റെ പ്രത്യേക ഓപ്പറേഷൻ ഗ്രൂപ്പും (എസ്ഒജി) സംയുക്തമായാണ് തെരച്ചിൽ നടത്തുന്നത്.
കഴിഞ്ഞയാഴ്ച കുൽഗാമിലെ മീർ ബസാറിന് സമീപമുള്ള സിആർപിഎഫ് പോസ്റ്റിനു നേരെയുണ്ടായ ആക്രമണത്തിൽ മൂന്ന് ജവാന്മാർക്ക് പരിക്കേറ്റിരുന്നു. നവംബർ 11ന് ആയുധധാരികളായ രണ്ട് ഭീകരരാണ് പോസ്റ്റിനു നേരെ വെടിയുതിർത്തത്. പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമായിരുന്നു. ആക്രമണത്തിനു പിന്നാലെ ഭീകരർ വനമേഖലയിലേക്ക് രക്ഷപ്പെട്ടു.
ഈ ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ച ഭീകരനാണ് ലത്തീഫ് ഭട്ടെന്നാണ് സുരക്ഷാവൃത്തങ്ങൾ വ്യക്തമാക്കുന്നത്. കുൽഗാം സ്വദേശിയായ ഇയാൾ പാകിസ്ഥാൻ ഭീകരർക്കൊപ്പമാണ് പ്രവർത്തിച്ചിരുന്നത്. പ്രാദേശിക സഹായികളുടെ പിന്തുണയോടെ ദക്ഷിണ കശ്മീരിലെ വിവിധ ഒളിത്താവളങ്ങളിൽ മാറിമാറി താമസിച്ചുവരികയായിരുന്നു.
ഈ വർഷം നടന്ന നിരവധി ഭീകരാക്രമണങ്ങളിൽ ലത്തീഫ് ഭട്ടിന് പങ്കുണ്ടെന്നാണ് അന്വേഷണ ഏജൻസികളുടെ നിഗമനം. പ്രദേശത്ത് കൂടുതൽ ഭീകരർ ഒളിച്ചിരിക്കുന്നുണ്ടോയെന്ന് കണ്ടെത്താനുള്ള തെരച്ചിൽ തുടരുകയാണ്.