ബിൽക്കിസ് ബാനു കൂട്ടബലാത്സംഗക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട രണ്ട് പ്രതികൾക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. 17 വർഷത്തിലേറെ ജയിലിൽ കഴിഞ്ഞ ബിപിൻചന്ദ് ജോഷി, പ്രദീപ് മോധിയ എന്നിവർക്കാണ് ഉപാധികളോടെ ജാമ്യം ലഭിച്ചത്. ഇരുവരുടെയും ശിക്ഷ താൽക്കാലികമായി മരവിപ്പിച്ചുകൊണ്ടാണ് കോടതി ഉത്തരവ്. ഒക്ടോബർ 28നാണ് വിധി പുറപ്പെടുവിച്ചത്.
ജസ്റ്റിസുമാരായ എം.എം. സുന്ദരേശ്, പ്രസന്ന വരാലെ എന്നിവരടങ്ങിയ ബെഞ്ചാണ് പ്രതികളുടെ അപ്പീലുകൾ പരിഗണിച്ചത്. 2017 മേയിൽ ബോംബെ ഹൈക്കോടതി പുറപ്പെടുവിച്ച വിധിക്കെതിരായ അപ്പീലുകളിൽ വസ്തുതാപരവും നിയമപരവുമായ നിരവധി കാര്യങ്ങൾ പരിശോധിക്കേണ്ടതുണ്ടെന്നും അതിന് കൂടുതൽ സമയം ആവശ്യമാണെന്നും കോടതി നിരീക്ഷിച്ചു. പ്രതികളിലൊരാളായ ജോഷിയുടെ ഗുരുതരമായ ശാരീരിക വൈകല്യവും ജാമ്യം അനുവദിക്കുമ്പോൾ പരിഗണിച്ചു.
പ്രതികൾക്ക് ജാമ്യം നൽകുന്നതിനെ സർക്കാർ അഭിഭാഷകൻ ശക്തമായി എതിർത്തു. കുറ്റകൃത്യത്തിൻ്റെ ഗൗരവവും വിചാരണക്കോടതിയും ഹൈക്കോടതിയും പ്രതികളെ കുറ്റക്കാരായി കണ്ടെത്തിയതും ചൂണ്ടിക്കാട്ടിയായിരുന്നു എതിർപ്പ്.
എന്നാൽ പ്രതിഭാഗം മറ്റൊരു വാദമാണ് ഉന്നയിച്ചത്. പ്രതികളിലൊരാളുടെ പേര് എഫ്ഐആറിൽ ഉണ്ടായിരുന്നില്ലെന്നും സംഭവത്തിന് ഏകദേശം മൂന്ന് വർഷത്തിന് ശേഷമാണ് ഇയാളെ കേസിൽ പ്രതിചേർത്തതെന്നും അഭിഭാഷകൻ വാദിച്ചു. അതിജീവിതയുടെ ആദ്യ പൊലീസ് മൊഴിയിലും വൈദ്യപരിശോധനയ്ക്കിടെ ഡോക്ടർക്ക് നൽകിയ മൊഴിയിലും ഇരുവരുടെയും പേരുകൾ പരാമർശിച്ചിരുന്നില്ലെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടി. കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്തതിന് തെളിവുകളില്ലെന്നും സംഭവസമയത്ത് ആൾക്കൂട്ടത്തിനൊപ്പം ഉണ്ടായിരുന്നിരിക്കാമെന്നത് മാത്രമാണ് ആരോപണമെന്നും വാദിച്ചു. ഈ വർഷം മാർച്ചിൽ പ്രതികളുടെ ഹർജിയിൽ സുപ്രീംകോടതി നോട്ടീസ് അയച്ചിരുന്നു.
നേരത്തേ ശിക്ഷാ ഇളവിനെ തുടർന്ന് ജയിൽമോചിതരായ 11 പ്രതികളിൽ ഉൾപ്പെട്ടവരാണ് ഇപ്പോൾ ജാമ്യം ലഭിച്ച രണ്ടുപേരും. എന്നാൽ 2024 ജനുവരിയിൽ ഇവരുടെ മോചനം സുപ്രീംകോടതി റദ്ദാക്കിയിരുന്നു. പ്രതികൾക്ക് ശിക്ഷാ ഇളവ് അനുവദിക്കാൻ ഗുജറാത്ത് സർക്കാരിന് അധികാരമില്ലെന്ന് വ്യക്തമാക്കിയ കോടതി, രണ്ടാഴ്ചയ്ക്കുള്ളിൽ ജയിലിൽ തിരിച്ചെത്താനും നിർദേശിച്ചു. ഇതനുസരിച്ച് 11 പ്രതികളും ജയിലിൽ മടങ്ങിയെത്തി.
2002ലെ ഗുജറാത്ത് കലാപത്തിനിടെയാണ് ബിൽക്കിസ് ബാനു കൂട്ടബലാത്സംഗത്തിന് ഇരയായത്. അന്ന് 21 വയസ്സുകാരിയും അഞ്ച് മാസം ഗർഭിണിയുമായിരുന്നു അവർ. മൂന്ന് വയസ്സുള്ള മകൾ ഉൾപ്പെടെ കുടുംബത്തിലെ ഏഴ് പേരെയും അക്രമികൾ കൊലപ്പെടുത്തിയിരുന്നു.
2024ലെ സുപ്രീംകോടതി ഉത്തരവിലൂടെ 11 പ്രതികളുടെയും ശിക്ഷാ ഇളവ് റദ്ദാക്കിയതിന് പിന്നാലെയാണ് ഇപ്പോൾ രണ്ട് പ്രതികൾക്ക് ജാമ്യം ലഭിച്ചിരിക്കുന്നത്. കേസിലെ അപ്പീലുകളിൽ അന്തിമ തീരുമാനം വരാനിരിക്കുന്ന സാഹചര്യത്തിലാണ് പുതിയ നടപടി.