ബോർഡ്-കോർപറേഷൻ സ്ഥാനങ്ങൾ വീതംവയ്ക്കുന്നതിലെ അനിശ്ചിതത്വം കോൺഗ്രസിലും യുഡിഎഫിലും ഭിന്നത രൂക്ഷമാക്കുന്നു. നിർണായക ചർച്ചകളിൽ പോലും പങ്കാളികളാക്കുന്നില്ലെന്ന പരാതിയുമായി എ ഗ്രൂപ്പ് ഹൈക്കമാൻഡിനെ സമീപിക്കാനൊരുങ്ങുകയാണ്. ഘടകകക്ഷികളും പരസ്യമായി അതൃപ്തി പ്രകടിപ്പിച്ച് രംഗത്തെത്തിയിട്ടുണ്ട്.

തീരുമാനങ്ങൾ വൈകുന്നതിൻ്റെ കാരണം കോൺഗ്രസ് നേതൃത്വം വ്യക്തമാക്കണമെന്ന് കേരള കോൺഗ്രസ് നേതാവ് മോൻസ് ജോസഫ് ആവശ്യപ്പെട്ടു. ആർഎസ്പിക്ക് അർഹമായ പരിഗണന നൽകണമെന്ന ആവശ്യവുമായി ഷിബു ബേബി ജോണും രംഗത്തെത്തി.

ബോർഡ്-കോർപറേഷൻ വിഭജന ചർച്ചകൾ മുഖ്യമന്ത്രി, കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്, രമേശ് ചെന്നിത്തല എന്നിവരിൽ മാത്രം ഒതുങ്ങുന്നതിലാണ് എ ഗ്രൂപ്പിൻ്റെ അതൃപ്തി. ഗ്രൂപ്പ് പ്രതിനിധികളായ മുൻ കെപിസിസി അധ്യക്ഷന്മാരെയും നിലവിലെ വർക്കിങ് പ്രസിഡണ്ടുമാരെയും ചർച്ചകളിൽ പങ്കെടുപ്പിക്കണമെന്നാണ് ആവശ്യം. പരിഗണന ലഭിച്ചില്ലെങ്കിൽ എഐസിസിയെ സമീപിക്കാനും നീക്കമുണ്ട്.

കോൺഗ്രസിലെ അസ്വാരസ്യങ്ങൾ ഘടകകക്ഷികളിലേക്കും വ്യാപിച്ചിട്ടുണ്ട്. പദവികൾ വീതംവയ്ക്കുന്നതിൽ മാത്രമല്ല, മുതിർന്ന നേതാവ് പി.ജെ. ജോസഫിനെ പരിഗണിക്കാത്തതിലും കേരള കോൺഗ്രസിന് അതൃപ്തിയുണ്ട്.

യുഡിഎഫിൽ മുസ്ലിം ലീഗ് മാത്രമാണ് ഇതുവരെ പരസ്യമായി അതൃപ്തി പ്രകടിപ്പിക്കാത്ത ഘടകകക്ഷി. അതേസമയം, ലീഗിനെ ലക്ഷ്യമിട്ടുള്ള വിമർശനങ്ങൾ യഥാർഥത്തിൽ മുഖ്യമന്ത്രിയെ ഉന്നംവച്ചുള്ളതാണെന്നാണ് വി.ഡി. പക്ഷത്തിൻ്റെ വിലയിരുത്തൽ.

Related Posts