മണ്ണന്തല രഞ്ജിത് വധക്കേസിൽ 11 പ്രതികൾ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയുടേതാണ് നിർണായക വിധി. കേസിൽ ആകെ 12 പ്രതികളാണുണ്ടായിരുന്നത്. ഇതിൽ ഒരാൾ ഒളിവിലായതിനാൽ വിചാരണ നേരിട്ടിരുന്നില്ല.
ആർഎസ്എസ് പ്രവർത്തകനായിരുന്ന രഞ്ജിത്തിനെ രാഷ്ട്രീയവിരോധം മൂലം സിപിഎം പ്രവർത്തകർ കൊലപ്പെടുത്തിയെന്നാണ് കേസ്. 2008 ഒക്ടോബർ 17ന് പുലർച്ചെയായിരുന്നു കൊലപാതകം. കോട്ടമുകളിലെ ബേക്കറിയിൽ നിൽക്കുകയായിരുന്ന രഞ്ജിത്തിനെ രണ്ട് കാറുകളിലും ബൈക്കിലുമായി എത്തിയ സംഘം ആക്രമിക്കുകയായിരുന്നു.
ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിൽ കൊലപാതകത്തിന് പിന്നിൽ വലിയ ഗൂഢാലോചന നടന്നതായി കണ്ടെത്തിയിരുന്നു. ഗൂഢാലോചനയ്ക്ക് നേതൃത്വം നൽകിയ സിപിഎം പ്രാദേശിക നേതാക്കളെയും കേസിൽ പ്രതികളാക്കിയിരുന്നു.
വിചാരണയ്ക്കിടെ പ്രോസിക്യൂഷൻ സാക്ഷികളായിരുന്ന പൊലീസുകാർ കൂറുമാറിയിരുന്നു. എന്നിട്ടും 11 പ്രതികൾ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരിക്കുകയാണ്.