തൃശൂർ മാള വൈന്തലയിൽ പട്ടാപ്പകൽ അംഗൻവാടി അധ്യാപികയുടെ കഴുത്തിൽ നിന്ന് മാല കവർന്ന കേസിൽ, അധ്യാപികയുടെ അടുത്തറിയുന്ന യുവതിയുടെ ആസൂത്രണമാണെന്ന് പോലീസ്.
മാള സ്വദേശിനി അഞ്ജന (22), 18 വയസ്സുകാരൻ, പ്രായപൂർത്തിയാകാത്ത ഒരാൾ എന്നിവരടങ്ങിയ സംഘമാണ് കേസിൽ അറസ്റ്റിലായത്. അധ്യാപികയായ മോളി ജോർജിൻ്റെ മൂന്ന് പവൻ തൂക്കമുള്ള മാല ലക്ഷ്യമിട്ടാണ് ഇവർ കൃത്യം നടപ്പാക്കിയത്.

ജോലിയും കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന മോളി ജോർജിനെ പിന്തുടർന്നെത്തിയ സംഘത്തിലെ ഒരാൾ കണ്ണിൽ മുളകുപൊടി എറിയുകയായിരുന്നു. ഈ സമയം മറ്റൊരാൾ മാല പൊട്ടിച്ചെടുത്ത് സംഘം ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു. മോളി ജോർജ് ജോലി ചെയ്യുന്ന അംഗൻവാടിയിൽ അഞ്ജനയുടെ കുട്ടിയും പഠിക്കുന്നുണ്ട്. ഈ അടുപ്പം മുതലെടുത്താണ് അഞ്ജന കവർച്ചയ്ക്ക് പദ്ധതിയിട്ടത്. ടീച്ചറുടെ കഴുത്തിലെ മാല ശ്രദ്ധയിൽപ്പെട്ടതോടെ ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട സുഹൃത്തുക്കളെ കൂട്ടി മോഷണം ആസൂത്രണം ചെയ്യുകയായിരുന്നു.

പരാതി ലഭിച്ച ഉടൻ പോലീസ് നടത്തിയ ഊർജ്ജിതമായ അന്വേഷണത്തിൽ സി.സി.ടി.വി. ദൃശ്യങ്ങളിൽ നിന്ന് നിർണ്ണായക സൂചനകൾ ലഭിച്ചു. മാള എസ്.ഐയുടെ നേതൃത്വത്തിൽ നടന്ന ദ്രുതഗതിയിലുള്ള നീക്കത്തിൽ മണിക്കൂറുകൾക്കകം പ്രതികൾ പിടിയിലാവുകയായിരുന്നു. മോഷണ ശേഷം ചാലക്കുടിയിലെ ഒരു ജ്വല്ലറിയിൽ മാല വിൽക്കാനുള്ള ശ്രമം വിഫലമായി. അറസ്റ്റിലായ പ്രതികളെ റിമാൻഡ് ചെയ്തു.

Related Posts