ബെംഗളൂരു ടെക് സമ്മിറ്റ് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനം നിർവഹിച്ചു. പുത്തൻ സാങ്കേതികവിദ്യയിലും ഐടിയിലും കർണാടകയെ ആഗോള കേന്ദ്രമാക്കി മാറ്റുകയാണ് പുതിയനയങ്ങളിലൂടെ ലക്ഷ്യമിടുന്നതെന്ന് സിദ്ധരാമയ്യ പറഞ്ഞു. 10,000 സ്റ്റാർട്ടാപ്പുകളും ബിടിഎസിൻ്റെ ഭാഗമാകും. ടെക് സമ്മിറ്റ് നാളെ സമാപിക്കും. ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, ഐടി മന്ത്രി പ്രിയങ്ക് ഖാർഗെ, വ്യവസായ മന്ത്രി എം.ബി. പാട്ടീൽ, ഇൻഫോസിസ് സഹസ്ഥാപകൻ ക്രിസ് ഗോപാലകൃഷ്ണൻ തുടങ്ങിയവർ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുത്തു.
സാങ്കേതിക വിദ്യാരംഗത്ത് പ്രവർത്തിക്കുന്ന വ്യക്തികൾ, സ്ഥാപനങ്ങൾ അടക്കം 60 രാജ്യങ്ങളിൽനിന്നുള്ളവരാണ് മൂന്നുദിവസം നീളുന്ന ബിടിഎസിൽ പങ്കെടുക്കുന്നത്. 1200 പ്രദർശനങ്ങളുണ്ട്. 15,000 പ്രതിനിധികൾ പങ്കെടുക്കും.
ബിടിഎസിൻ്റെ ആദ്യദിവസം ഐടി, സ്പേസ് ടെക്, സ്റ്റാർട്ടപ്പ് നയങ്ങൾ എന്നിവ അവതരിപ്പിച്ചു.
അഞ്ചുവർഷത്തിൽ 25,000 പുതിയ സ്റ്റാർട്ടപ്പ് സംരംഭങ്ങളാണ് ലക്ഷ്യമിടുന്നത്. ഇതിനുള്ള എല്ലാസൗകര്യങ്ങളും ഒരുക്കും. നിലവിൽ രാജ്യത്തെ സ്റ്റാർട്ടപ്പുകളിൽ 47 ശതമാനവും ബെംഗളൂരുവിലാണെന്നും സിദ്ധരാമയ്യ ചൂണ്ടിക്കാട്ടി. ബഹിരാകാശ സാങ്കേതികവിദ്യാ ഹബ്ബാക്കി സംസ്ഥാനത്തെ മാറ്റുകയാണ് സ്പേസ് നയത്തിലൂടെ ലക്ഷ്യമിടുന്നത്. 2034 ഓടെ രാജ്യത്തെ ബഹിരാകാശ സാങ്കേതിക വിദ്യാവിപണിയുടെ 50 ശതമാനവും ആഗോളവിപണിയുടെ അഞ്ചുശതമാനവും നേടാനാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് വികസിപ്പിച്ച എഐ പേഴ്സണൽ കംപ്യൂട്ടറായ കിയോ പുറത്തിറക്കി. 18,999 രൂപയാണ് വില. സാധാരണക്കാർക്ക് താങ്ങാനാകുന്ന വിലയിൽ എഐ കംപ്യൂട്ടർ എന്ന ലക്ഷ്യത്തോടെയാണ് കിയോ വിപണിയിലെത്തിക്കുന്നത്.