ബന്ധുക്കളെ യാത്രയാക്കാൻ വന്ദേഭാരത് എക്സ്പ്രസിനുള്ളിൽ കയറിയ കുടുംബത്തിന് കിട്ടിയത് വൻ പിഴ. ട്രെയിനിന്റെ ഓട്ടോമാറ്റിക് വാതിലുകൾ അടഞ്ഞതോടെ പുറത്തിറങ്ങാനാകാതെ യാത്രക്കാരായ 13 പേർക്കാണ് റെയിൽവേ പിഴ ചുമത്തിയത്. ഞായറാഴ്ച കാൺപൂർ റെയിൽവേ സ്റ്റേഷനിലായിരുന്നു സംഭവം.

വാരണാസി–ന്യൂഡൽഹി വന്ദേഭാരത് എക്സ്പ്രസിൽ ബന്ധുക്കളെ യാത്രയാക്കാനും അവരുടെ ലഗേജുകൾ ട്രെയിനിൽ കയറ്റിവെക്കാനുമാണ് 12 മുതിർന്നവരും ഒരു കുട്ടിയും ഉൾപ്പെടുന്ന സംഘം കയറിയത്. എന്നാൽ ട്രെയിൻ പുറപ്പെടുന്നതിന് തൊട്ടുമുമ്പ് ഓട്ടോമാറ്റിക് വാതിലുകൾ അടഞ്ഞതോടെ ഇവർക്ക് പുറത്തിറങ്ങാനായില്ല. തുടർന്ന് ട്രെയിൻ യാത്ര തുടങ്ങിയതോടെ സംഘം ഉള്ളിൽ കുടുങ്ങുകയായിരുന്നു.

പിന്നീട് നടത്തിയ ടിക്കറ്റ് പരിശോധനയിലാണ് 13 പേരുടെയും കൈവശം സാധുവായ യാത്രാടിക്കറ്റ് ഇല്ലെന്ന് കണ്ടെത്തിയത്. ഇതേത്തുടർന്ന് റെയിൽവേ നിയമപ്രകാരം അനധികൃത യാത്രക്കാരായി കണക്കാക്കി ആകെ 36,140 രൂപ പിഴയും യാത്രാക്കൂലിയും ഈടാക്കി.

നവംബർ 15-നാണ് സംഭവമെന്ന് നോർത്ത് സെൻട്രൽ റെയിൽവേ ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ ഡോ. ശിവം ശർമ വ്യക്തമാക്കി. സുരക്ഷാ കാരണങ്ങളാൽ വന്ദേഭാരത് പോലുള്ള ആധുനിക ട്രെയിനുകളിൽ ഓട്ടോമാറ്റിക് വാതിൽ സംവിധാനമാണുള്ളതെന്നും ട്രെയിൻ പുറപ്പെട്ടാൽ ടിക്കറ്റില്ലാതെ ഉള്ളിൽ തുടരുന്നവർക്ക് പിഴ ചുമത്തുമെന്നും അദ്ദേഹം പറഞ്ഞു.

സാധുവായ ടിക്കറ്റുള്ളവർക്ക് മാത്രമേ ട്രെയിനുകളിൽ പ്രവേശിക്കാൻ അനുവാദമുള്ളൂവെന്ന് റെയിൽവേ ഓർമിപ്പിച്ചു. ബന്ധുക്കളെ യാത്രയാക്കാനായി ട്രെയിനിനുള്ളിൽ കയറുന്നത് ഒഴിവാക്കണമെന്നും പ്ലാറ്റ്ഫോമിൽ പ്രവേശിക്കാൻ ആവശ്യമായ പ്ലാറ്റ്ഫോം ടിക്കറ്റ് നിർബന്ധമായും എടുക്കണമെന്നും അധികൃതർ നിർദേശിച്ചു.

Related Posts