ഇസ്രയേല്‍ വിടാൻ താൽപര്യമുള്ള ഇന്ത്യക്കാരെ ഒഴിപ്പിക്കും; എംബസിയില്‍ രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ദ്ദേശം
ഇസ്രയേൽ വിടാൻ താൽപര്യമുള്ള ഇന്ത്യക്കാരെ ഒഴിപ്പിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം. കരമാർഗവും വ്യോമമാർഗവുമായിരിക്കും ഇന്ത്യക്കാരെ ഒഴിപ്പിക്കുകയെന്നും കേന്ദ്രം വ്യക്തമാക്കി. ടെൽ അവീവിലെ ഇന്ത്യൻ എംബസി ഏകോപനം നടത്തും. എല്ലാ ഇന്ത്യക്കാരും എം ബസിയിൽ രജിസ്റ്റർ ചെയ്യണമെന്ന് അറിയിപ്പുണ്ട്.
ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയെ ജീവനോടെ തുടരാൻ അനുവദിക്കില്ലെന്ന് ഇസ്രയേൽ പ്രതിരോധമന്ത്രി ഇസ്രയേൽ കാട്‌സ് അറിയിച്ചു. ഖമനയിയുടെ ലക്ഷ്യം സാധാരണക്കാരാണെന്നും കാട്‌സ് പറഞ്ഞു. ഇസ്രയേലിലെ ആശുപത്രി ആക്രമണത്തിന് പിന്നാലെയാണ് ഇസ്രയേലിൻ്റെ പ്രഖ്യാപനം.
ഇറാൻ ആക്രമണം നടത്തിയത് ഇസ്രയേലിലെ ബീർഷെബയിലെ സോറോക്ക ആശുപത്രിയിലാണ്.
ഇറാനിലെ ഫോർഡോ ആണവകേന്ദ്രം ആക്രമിക്കാൻ യുഎസ് പദ്ധതിയിടുന്നുവെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നതിന് തൊട്ടുപിന്നാലെയാണ് ഇറാൻ്റെ ആക്രമണം. തുടർച്ചയായി ആശുപത്രിയിലേക്ക് ബലിസ്റ്റിക് മിസൈലുകൾ തൊടുത്തു എന്നാണ് വിവരം. ആക്രമണം നടന്ന സോറോക്കോ ആശുപത്രി ഇസ്രയേലിലെ പ്രധാന ആരോഗ്യകേന്ദ്രങ്ങളിലൊന്നാണ്. 40 ഓളം പേർക്ക് ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്.