ഹരിയാനയിലെ പഞ്ച്കുളയിൽ സ്കൂൾ ക്ലാസ് മുറിക്കുള്ളിൽ ആറുവയസുകാരിയായ കിന്റർഗാർട്ടൻ വിദ്യാർഥിനിക്ക് നേരെ എട്ടുവയസുകാരനായ മൂന്നാം ക്ലാസ് വിദ്യാർഥിയുടെ ക്രൂരമായ ആക്രമണം. കല്ലുകളും പൂച്ചട്ടിയും ഉപയോഗിച്ച് മർദനമേറ്റ പെൺകുട്ടിയുടെ നില ഗുരുതരമാണ്. ഒക്ടോബർ 28ന് സെക്ടർ 20ലെ സംസ്കൃതി മോഡൽ സ്കൂളിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്.
പുറത്തുവന്ന സിസിടിവി ദൃശ്യങ്ങൾ പ്രകാരം ആൺകുട്ടി പെൺകുട്ടിയെ ക്ലാസ് മുറിയിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി മേശയിൽ തല ഇടിപ്പിക്കുകയും നിലത്തേക്ക് തള്ളിയിട്ട് ചവിട്ടുകയും ചെയ്തു. തുടർന്ന് കല്ലുകളും പൂച്ചട്ടിയും ഉപയോഗിച്ച് പലതവണ ആക്രമിച്ചു. ബോധരഹിതയായി നിലത്തുവീണ ശേഷവും മർദനം തുടർന്നതായാണ് ദൃശ്യങ്ങളിൽ കാണുന്നത്.
പെൺകുട്ടി അധ്യാപകരോട് പരാതി പറയുമെന്ന് പറഞ്ഞതിനെ തുടർന്നാണ് ആൺകുട്ടി ആക്രമിച്ചതെന്നാണ് പ്രാഥമിക വിവരം. പെൺകുട്ടിയെ ആദ്യം പഞ്ച്കുളയിലെ സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നില ഗുരുതരമായതിനെ തുടർന്ന് ചണ്ഡീഗഡിലെ പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എജ്യുക്കേഷൻ ആൻഡ് റിസർച്ചിലേക്ക് (PGIMER) മാറ്റി.
സംഭവത്തിൽ സ്കൂളിൻ്റെ സുരക്ഷാ സംവിധാനങ്ങൾക്കെതിരെയും ഗുരുതര ചോദ്യങ്ങൾ ഉയർന്നിട്ടുണ്ട്. സിസിടിവി നിരീക്ഷണം ഉണ്ടായിട്ടും ആക്രമണം അധികൃതരുടെ ശ്രദ്ധയിൽപ്പെടാത്തത് എങ്ങനെയെന്നാണ് കുടുംബത്തിൻ്റെ ചോദ്യം. പെൺകുട്ടിയെ അന്വേഷിച്ചെത്തിയ ബന്ധുക്കൾക്ക് പരുക്കേറ്റ് കിടന്ന സ്ഥലം കാണിച്ചുകൊടുത്തതും ആക്രമണം നടത്തിയെന്ന് ആരോപിക്കപ്പെടുന്ന ആൺകുട്ടി തന്നെയാണെന്നാണ് റിപ്പോർട്ട്.
സംഭവത്തിൽ ഹരിയാന വിദ്യാഭ്യാസ മന്ത്രി മഹിപാൽ ധണ്ഡ അന്വേഷണ സമിതിയെ നിയോഗിച്ചിട്ടുണ്ട്. കുട്ടികളുടെ അവകാശ സംരക്ഷണത്തിനായുള്ള ഹരിയാന സംസ്ഥാന കമ്മീഷനും സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സ്കൂളിലെ സുരക്ഷാ ക്രമീകരണങ്ങൾ, അധ്യാപകരുടെ ചുമതല, സിസിടിവി നിരീക്ഷണം എന്നിവ സംബന്ധിച്ച് വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
കുട്ടികളുടെ സുരക്ഷയിൽ വീഴ്ച വരുത്തിയതായി കണ്ടെത്തുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.