കാറിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ ഇൻഫ്ലുവന്‍സറായ യുവതിയുടെ ശരീരത്തില്‍ അസാധാരണ മുറിവുകള്‍ കണ്ടെത്തിയതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ‘കമല്‍ കൗര്‍ ഭാഭി’ എന്ന പേരില്‍ സാമൂഹികമാധ്യമങ്ങളില്‍ അറിയപ്പെടുന്ന കഞ്ചന്‍ കുമാരി (27) എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. കഴുത്തിലും സ്വകാര്യ ഭാഗങ്ങളിലുമടക്കം ഉപദ്രവിച്ചതിന്റേതായ പാടുകളും മുറിവുകളും ഉള്ളതായാണ് പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തമായിരിക്കുന്നത്.

പഞ്ചാബിൽ ഭട്ടിൻഡയിലെ അദേഷ് യുണിവേഴ്‌സിറ്റിക്കരികിൽ ഈ മാസം 11-ാം തീയതി ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ കാറിലാണ് കഞ്ചൻ കുമാരിയുടെ മൃതദേഹം കണ്ടെത്തിയത്. നാട്ടുകാർ കാറിൽ നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് പോലീസിൽ വിവരമറിയിക്കുകയായിരുന്നു. രണ്ടുപേരെ ജൂൺ 13-ന് സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റുചെയ്തിരുന്നു. കേസിലെ പ്രധാന പ്രതിയായ നിഹാംഗ് അമൃത്പാൽ സിങ് മെഹ്റോൺ സംഭവത്തിനു പിന്നാലെ യുഎഇയിലേക്ക് രക്ഷപ്പെട്ടിരുന്നു.

ഭട്ടിൻഡയിലെ സിവിൽ ഹോസ്‌പിറ്റലിലാണ് ജൂൺ 12-ന് യുവതിയുടെ പോസ്റ്റുമോർട്ടം നടന്നത്. സർക്കാർ പ്രത്യേകം നിയോഗിച്ച 3 ഡോക്ടർമാർ അടങ്ങുന്ന സംഘമാണ് പോസ്റ്റുമോർട്ടം നടത്തിയത്. കഞ്ചൻ കൊല്ലപ്പെട്ടിരിക്കുന്നത് കഴുത്ത് ഞെരിഞ്ഞ് ശ്വാസംമുട്ടിയാണ് എന്നാണ് പോസ്റ്റുമോർട്ടത്തിലെ പ്രധാനവിവരം. യുവതിയുടെ തുടകളിലും സ്വകാര്യഭാഗങ്ങളിലും അസാധാരണമായ പാടുകളും മുറിവുകളും ഉള്ളതായും റിപ്പോർട്ടിൽ പറയുന്നു.

Related Posts