വടക്കൻ ചെന്നൈയിലെ മണലി പ്രദേശത്ത് ശനിയാഴ്‌ച രാത്രി മേഘവിസ്ഫോടനം നടന്നതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം സ്ഥിരീകരിച്ചു. രാത്രി 10 മുതൽ അർദ്ധരാത്രിവരെ നഗരത്തിൽ അതിശക്തമായ മഴയാണ് പെയ്തത്‌. ആഗസ്റ്റ് 31ന് രാവിലെ 8.30ന് അവസാനിച്ച 24 മണിക്കൂറിനുള്ളിൽ മണലിയിൽ 27 സെൻ്റീമീറ്ററും വിംകോ നഗറിൽ 23 സെന്റീമീറ്ററും മഴ പെയ്തു.

മണലിയിൽ മാത്രം രാത്രി 10 മണിമുതൽ 12 വരെ 106.2 മില്ലിമീറ്റർ മഴ രേഖപ്പെടുത്തിയതാണ് മേഘവിസ്ഫോടനമായി അറിയിച്ചത്. ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ കനത്ത മഴ വ്യോമഗതാഗതത്തെ ബാധിച്ചു. ചെന്നൈയിൽ ഇറങ്ങേണ്ട ഡൽഹി, ബംഗളുരു, മംഗളൂരു, ഫ്രാൻസ് എന്നിവിടങ്ങളിൽ നിന്നുള്ള വിമാനങ്ങൾ ഞായറാഴ്‌ച പുലർച്ച ബെംഗളുരുവിലേക്ക് തിരിച്ചുവിട്ടു.

27 വിമാനങ്ങൾ വൈകി സർവിസ് നടത്തിയതിനാൽ യാത്രക്കാർ ദുരിതത്തിലായി. ചെന്നൈയിലെ ഗിണ്ടി, കോടമ്പാക്കം, വടപളനി, കൊളത്തൂർ, കാസിമേട്, തണ്ടൈയാർപേട്ട്, പുഴൽ, വലസര വാക്കം എന്നിവയുൾപ്പെടെ വിവിധ സ്ഥലങ്ങളിൽ കനത്ത മഴ പെയ്തു. കത്തിവാക്കം, തിരുവൊട്ടിയൂർ, അമ്പത്തൂർ, കൊരട്ടൂർ തുടങ്ങിയ പ്രാന്തപ്രദേശങ്ങളിലും മഴ ശക്തമായിരുന്നു.

പല പ്രദേശങ്ങളിലും വെള്ളക്കെട്ടുകൾ രൂപപ്പെട്ടു. ചെന്നൈയിലും സമീപ പ്രദേശങ്ങളിലുമുള്ള ജലാശയങ്ങളിൽ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. ത​​മി​​ഴ്നാ​​ട്, കാ​​ര​​ക്ക​​ൽ, പു​​തു​​ച്ചേ​​രി എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലെ ഒ​​റ്റ​​പ്പെ​​ട്ട സ്ഥ​​ല​​ങ്ങ​​ളി​​ൽ അ​​ടു​​ത്ത 24 മ​​ണി​​ക്കൂ​​റി​​നു​​ള്ളി​​ൽ മി​​ത​​മാ​​യ മ​​ഴ തു​​ട​​രാ​​ൻ സാ​​ധ്യ​​ത​​യു​​ണ്ടെ​​ന്ന് കാ​​ലാ​​വ​​സ്ഥാ നി​​രീ​​ക്ഷ​​ണകേന്ദ്രം അറിയിച്ചു

Related Posts