ദുലീപ് ട്രോഫിയിൽ സൗത്ത് സോൺ ടീമിനെ മലയാളിതാരം മുഹമ്മദ് അസ്ഹറുദ്ദീൻ നയിക്കും. ആഭ്യന്തര ക്രിക്കറ്റ് ടൂർണമെൻ്റായ ദുലീപ് ട്രോഫി ക്യാപ്‌റ്റനാകുന്ന ആദ്യ മലയാളിയാണ് കാസർകോട് സ്വദേശിയായ അസ്ഹറുദ്ദീൻ. ക്യാപ്‌റ്റനായി പ്രഖ്യാപിച്ചിരുന്ന തിലക് വർമ്മ ഏഷ്യാകപ്പിനായി പോയതിനാലാണ് വൈസ് ക്യാപ്‌റ്റനായിരുന്ന അസ്ഹറിനെ ക്യാപ്‌റ്റനാക്കിയത്.
അസ്ഹറിനെക്കൂടാതെ കേരളത്തിൽ നിന്ന് ബേസിൽ എൻ.പി, സൽമാൻ നിസാർ, എം.ഡി നിധീഷ് എന്നിവരും ടീമിൽ ഉണ്ട്. രഞ്ജി ട്രോഫിയിൽ ചരിത്രം കുറിച്ച് കേരളം ആദ്യമായി ഫൈനലിൽ കടന്ന കഴിഞ്ഞ സീസണിൽ മികച്ച പ്രകടനം കാഴ്ച വച്ചവരാണ് ഇവരെല്ലാം.
കഴിഞ്ഞ സീസണിൽ അസറുദ്ദീൻ ഒരു സെഞ്ച്വറിയടക്കം 635 റൺസ് നേടിയിരുന്നു. ദുലീപ് ട്രോഫിയിൽ നേരിട്ട് സെമിയിലെത്തിയ സൗത്ത്സോൺ ടീമിന്‍റെ ആദ്യമത്സരം സെപ്തംബർ നാലുമുതൽ ബംഗളുരുവിൽ നോർത്ത് സോണിനെതിരെയാണ്.