സംസ്ഥാനത്ത് റോഡപകട മരണങ്ങൾ കുറയ്ക്കുന്നതിനായി രൂപീകരിച്ച കേരള സ്റ്റേറ്റ് റോഡ് സേഫ്റ്റി മിഷൻ്റെ ബ്രാൻഡ് അംബാസഡറായി നടൻ മമ്മൂട്ടിയെ നിയമിച്ചു. മിഷൻ്റെ ഔദ്യോഗിക പ്രഖ്യാപനം നവംബർ 15ന് രാവിലെ 11ന് എറണാകുളം ടൗൺഹാളിൽ നടക്കുമെന്ന് ഗതാഗതമന്ത്രി സി.പി. ജോൺ അറിയിച്ചു.
സംസ്ഥാനത്ത് പ്രതിവർഷം ശരാശരി 3,700 പേരാണ് റോഡപകടങ്ങളിൽ മരിക്കുന്നത്. ഈ സാഹചര്യം കണക്കിലെടുത്ത് വിദ്യാർഥികൾ മുതൽ മുതിർന്ന പൗരന്മാർ വരെ പങ്കാളികളാകുന്ന വിപുലമായ ബോധവത്കരണ പരിപാടികൾ നടപ്പാക്കും. ‘എൻലൈറ്റൻ ആൻഡ് എൻഫോഴ്സ്’ എന്ന ആശയത്തിലൂന്നിയാണ് പ്രവർത്തനം.
മുഖ്യമന്ത്രി വി.ഡി. സതീശൻ മിഷൻ്റെ ചെയർമാനും ഗതാഗതമന്ത്രി കോ-ചെയർമാനുമായിരിക്കും. എട്ട് വകുപ്പുകളിലെ മന്ത്രിമാർ അംഗങ്ങളായുള്ള സമിതിയും രൂപീകരിക്കും. ജില്ലകൾക്കും തദ്ദേശസ്ഥാപനങ്ങൾക്കും കീഴിൽ പ്രവർത്തനം വ്യാപിപ്പിച്ച് സുരക്ഷിത ഡ്രൈവിങ് ക്ലബുകൾ ആരംഭിക്കും.
റോഡുകളുടെ നവീകരണം, അപകടസാധ്യത കൂടുതലുള്ള ബ്ലാക്ക് സ്പോട്ടുകൾ പരിഹരിക്കൽ, സൈൻ ബോർഡുകളുടെ അറ്റകുറ്റപ്പണി, സീബ്രാ ലൈനുകളുടെ വീതി വർധിപ്പിക്കൽ എന്നിവയും പദ്ധതിയുടെ ഭാഗമാണ്. റോഡ് മാർക്കിങ്ങിൽ പ്രത്യേക കളർ കോഡുകൾ ഉൾപ്പെടുത്തി സുരക്ഷാ മേഖലകൾ ഒരുക്കാനും തീരുമാനിച്ചിട്ടുണ്ട്.
സ്കൂൾ പാഠ്യപദ്ധതിയിൽ റോഡ് സുരക്ഷ ഉൾപ്പെടുത്തുന്നതിനൊപ്പം ബോധവത്കരണത്തിനും നിരീക്ഷണത്തിനുമായി മൊബൈൽ ആപ്പുകളും വികസിപ്പിക്കും.