ചേറാനല്ലൂരിൽ തട്ടുകട ഉടമ ജയബാലകൃഷ്ണൻ കൊല്ലപ്പെട്ട വാഹനാപകടക്കേസിൽ പ്രതിയായ 17കാരന് ജാമ്യം അനുവദിച്ച ജുവനൈൽ ജസ്റ്റിസ് ബോർഡിന്‍റെ ഉത്തരവ് റദ്ദാക്കണമെന്ന പൊലീസിന്‍റെ അപ്പീലിൽ എറണാകുളം അഡീഷണൽ സെഷൻസ് കോടതി ഇന്ന് വിധി പറയും.

അപകടദിവസത്തെ സംഭവവികാസങ്ങളെക്കുറിച്ച് പ്രതിയെ കൂടുതൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും അതിനാൽ നിരീക്ഷണ കേന്ദ്രത്തിലേക്ക് (ഒബ്സർവേഷൻ ഹോം) മാറ്റണമെന്നുമാണ് പ്രോസിക്യൂഷന്‍റെ ആവശ്യം. പ്രതി നേരത്തെയും നിരന്തരം ഗതാഗത നിയമലംഘനങ്ങൾ നടത്തിയിരുന്നതായി ജയബാലകൃഷ്ണന്റെ കുടുംബവും ആരോപിക്കുന്നു.

അതിനിടെ, കേസിലെ പ്രതിയായ 17കാരന്‍റെ പിതാവും അഡീഷണൽ ജഡ്ജിയുമായ വ്യക്തിയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതിയുടെ പരിഗണനയിലാണ്. തെളിവുകൾ നശിപ്പിക്കാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി പൊലീസ് റിപ്പോർട്ട് നൽകിയിട്ടുണ്ട്. മരിച്ച ജയബാലകൃഷ്ണന്‍റെ മകൾ ഭദ്രകീർത്തിയുടെ മൊഴിയും ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയിട്ടുണ്ട്.

പ്രായപൂർത്തിയാകാത്ത പ്രതിയുടെ പേരും ചിത്രങ്ങളും സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിന് സൈബർ പൊലീസ് 18ഓളം പേർക്കെതിരെ കേസെടുത്തിട്ടുണ്ട്.

Related Posts